ന്യൂഡൽഹി :- കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ആഭ്യന്തര വിമാന റൂട്ടുകളിൽ സഞ്ചരിച്ചത് 16.13 കോടി യാത്രക്കാർ. പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ആണിത്. പ്രതിദിനം ശരാശരി 4.42 ലക്ഷം പേർ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തു. വിമാനയാത്രയ്ക്കുള്ള ആവശ്യകത വൻതോതിൽ വർധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) കണക്കുകൾ.
2023നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന 6.12 ശതമാനമാണ്. ഡിസംബറിൽ മാത്രം 1.49 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. നവംബറിൽ ഇത് 1.42 കോടി. ഈ ജനു വരി 18നാണ് പ്രതിദിനയാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. 5.08 ലക്ഷം. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഫ്ലൈ91' എന്ന പ്രാദേശിക വിമാനക്കമ്പനി പ്രവർത്തനമാരംഭിച്ചത് 2024 മാർച്ചിലാണ്. ഡിസംബർ വരെ 1.27 ലക്ഷം പേർ ഇതിൽ യാത്ര ചെയ്തു. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് 2 എടിആർ വിമാനങ്ങളാണുള്ളത്.