തിരുവനന്തപുരം :- വീട്ടിലെ ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾ മുതൽ രോഗീപരിചരണത്തിനും പ്രസവ ശുശ്രൂഷയ്ക്കും വരെ പരിശീലനം സിദ്ധിച്ച സ്ത്രീകളെ ലഭ്യമാക്കുന്ന മൊബൈൽ ആപ്പുമായി സഹകരണ വകുപ്പിൻ്റെ 'സഖി' പദ്ധതി. വീടുകളിലെ ഇത്തരം ജോലികൾക്കെല്ലാം പരിശീലനം നൽകുന്ന പദ്ധതി ആദ്യം തുടങ്ങുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. ഓരോ ജില്ലയിലും ഓരോ ജോലിയിലും 30 വനിതകൾക്കു വീതം പരിശീലനം നൽകും.
4 ജില്ലകളിലും പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ 'സഖി' ആപ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം നൽകും. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഈ മൊബൈൽ ആപ്പിലൂടെ സ്ത്രീകളുടെ സേവനം ഉറപ്പാക്കാനും ഇതുവഴി സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനുമാണ് പദ്ധതി. പരിശീലനം ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴി സ്കൂട്ടറിനും മറ്റും വായ്‌പ നൽകുന്നതിനും ആലോചനയുണ്ട്. രോഗീപരിചരണത്തിന് ആയുഷ് വകുപ്പുമായി ചേർന്നാണ് പരിശീലനം നൽകുന്നത്.