ലൈംഗികാതിക്രമ കേസ് ; ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് ഹൈക്കോടതി, 3.30 ന് ഉത്തരവ് പുറത്തിറങ്ങും


കൊച്ചി :- നടി ഹണി റോസിൻ്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് ഹൈക്കോടതി. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും. ഉപാധികൾ എന്തൊക്കെ എന്നത് വ്യക്തമാകുക ഉത്തരവിൽ. ബോബി കുറ്റം ചെയ്‌തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. ബോബി ചെമ്മണ്ണൂരിന്റെ പരാമർശത്തിൽ ദ്വയാർഥം ഇല്ലെന്ന് പറയാനാകില്ലെന്നും കോടതി. ഹണി റോസിന് അസാമാന്യമികവൊന്നും ഇല്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശത്തെയും കോടതി വിമർശിച്ചു. ഇതോടെ ബോബിയുടെ അഭിഭാഷകൻ പരാമർശം പിൻവലിക്കുകയും ചെയ്തു. പരാതിക്കാരിയെ ജാമ്യാപേക്ഷയിൽ വീണ്ടും അപമാനിക്കുന്നുവെന്ന് കോടതി പറഞ്ഞു.

 ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. താൻ നിരപരാധിയാണെന്നും, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥ‌ാനരഹിതമാണെന്നുമാണ് ബോബി ചെമ്മണ്ണൂർ കോടതിയിൽ വാദിച്ചത്. കുന്തീദേവി എന്ന പരാമർശത്തിന് ദ്വയാർഥം ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. ഉത്തരവ് ജയിലിലെത്തിച്ചാൽ ബോബിക്ക് പുറത്തിറങ്ങാം.

തനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹണി റോസിന്റെ പരാതിയിലാണ് കഴിഞ്ഞ ബുധനാഴ്‌ച വയനാട്ടുനിന്ന് ബോബിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പിറ്റേന്ന് എറണാകുളം ഫസ്‌റ്റ്‌ ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. വെള്ളിയാഴ്ച‌ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്‌ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.

Previous Post Next Post