കണ്ണൂർ :- കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഫോൺ മോഷണം പതിവാക്കിയ യുവതി അറസ്റ്റിൽ. കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശി ഷംസീറയെ (38) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഡിസംബർ 28, 30 തീയതികളിലാണ് നഗരത്തിലെ നാലോളം കടകളിൽ നിന്ന് ഷംസീറ മൊബൈൽ ഫോണുകൾ കവർന്നത്. 28ന് വൈകിട്ട് ബല്ലാർഡ് റോഡിലെ വസ്ത്രലായത്തിൽ നിന്നും വൈകിട്ട് ആറരയോടെ പുതിയ ബസ് സ്റ്റാന്റിലെ ഫാബിയ എന്ന സ്ഥാപനത്തിൽ നിന്നും 30ന് ഉച്ചയോടെ പുതിയ ബസ് സ്റ്റാന്റിലെ തന്നെ ഫാൻസി ഷോപ്പിൽ നിന്നും ഫോണുകൾ കവർന്നിരുന്നു. കടകളിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് മോഷണം. എ.എസ്.ഐമാരായ പി.പി ഷമീൽ, വിൽസൺ ജോസഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.