പയ്യാവൂർ :- പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ ഊട്ട് അറിയിക്കുന്നതിനായി കിരാതമൂർത്തിയുടെ പ്രതിപുരുഷനായി കണക്കാക്കുന്ന കോമരത്തച്ചൻ കുടകിലേക്ക് പുറപ്പെട്ടു. പണ്ടുകാലത്ത് ഊട്ടുത്സവം മുടങ്ങിയപ്പോൾ ഊട്ട് നടത്തുന്നതിനായി കുടകിലെ പ്രധാനികളെ ചുമതലപ്പെടുത്തുന്നതിനായി കിരാതമൂർത്തി കുടകിലേക്ക് യാത്ര പോയതിനെ അനുസ്മരിപ്പിച്ചുള്ള ചടങ്ങാണ് ഊട്ടറിയിക്കാൻ പോകൽ. കാഞ്ഞിരക്കൊല്ലിയിലെ ഉടുമ്പപ്പുഴ കടന്ന് കാട്ടിലൂടെ കാൽ നടയായി ചെങ്കുത്തായ മലകയറിയാണ് കോമരത്തച്ചൻ കുടകിൽ എത്തുക.
ആദ്യ ദിവസം ചെയ്യന്തണയിലെ മുണ്ടയോടൻ തറവാട്ടിലെത്തി വിശ്രമിക്കുകയും പിറ്റേദിവസം രാവിലെ ബഹുരിയൻ മനയിലും തുടർന്ന് കടിയത്ത് നാട്ടിലെ കോക്കേരി, തിരുന്താട്, ചേരമന, വലംമ്പേരി , പാറാണെ,അരപ്പട്ട്, നടുക്കേരി, കടുംഗ ,കരട, ചെയ്യന്തണ തുടങ്ങിയ 12 ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലും പ്രധാന തറവാടുകളിലും ഊട്ടറിയിച്ച് വിരാജ്പേട്ടയ്ക്കടുത്ത് ചേലാപുരത്തെ ചുഴലി ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തും.
ദേവസ്വം ചെയർമാൻ ബിജു തളിയിൽ, ട്രസ്റ്റി ബോർഡ് അംഗം കെ.വി.ഉത്തമരാജൻ, മിടാവൂർ ക്ഷേത്രം പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത്, ഗോവിന്ദൻ മഞ്ഞേരി , കെ.വി.രമേശൻ, പി.വി.ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ കോമരത്തച്ചനെ യാത്രയാക്കി.