കണ്ണൂർ :- മുതിർന്ന പൗരന്മാർക്ക് അർഹമായ നിയമസഹായം നൽകാൻ കേരള ലീഗൽ സർവീസസ് അതോറിറ്റി വയോനന്മ പദ്ധതി നടപ്പാക്കുന്നു. നിയമപരമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കി വയോജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. സൗജന്യവും ആധികാരികവുമായ സേവനമാണ് ലഭ്യമാക്കുക. പ്രായമായവർക്ക് ക്ലേശമില്ലാതെ സേവനം ലഭിക്കാൻ വീട്ടിലെത്തിയും നിയമസഹായം നൽകുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്.
സേവനം നൽകാനായി എല്ലായിടത്തും സീ നിയർ സിറ്റിസൺ അഭിഭാഷകരെ പ്രത്യേകം നിയമിക്കും. എല്ലാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കു കീഴിലും 10 അഭിഭാഷകരെയും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിക്കുകീഴിൽ അഞ്ചുപേരെയും നിയമിക്കും. ഇതേ മാതൃകയിൽ പാരാലീഗൽ വൊളൻ്റിയർമാരെയും നിയോഗിക്കും. ഇവർക്ക് പരിശീലനവും നൽകും. ആരോഗ്യപ്രശ്നങ്ങളുൾപ്പെടെയുള്ള പല കാരണങ്ങളാലും പലർക്കും കോടതികളെ സമീപിക്കാൻ പ്രയാസമുണ്ടാകാറുണ്ട്. ഇതിനാലാണ് വീടുകളിൽ നേരിട്ടെത്തി സേവനം നൽകാൻ തീരുമാനിച്ചത്. രക്ഷിതാക്കൾക്ക് ചെലവിന് നൽകൽ ഉൾപ്പെടെ വിവിധ നിയമപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന ആർ.ഡി.ഒ കോടതി ട്രിബ്യൂണലുകളിലും അപ്പീൽ കോടതികളിലും വൃദ്ധസദനങ്ങളിലും പകൽവീടുകളിലും മറ്റും സൗജന്യസേവനത്തിനായി ലീഗൽ ക്ലിനിക്കുകളും പ്രവർത്തിക്കും.
ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക, കേസുകൾ കൈകാര്യം ചെയ്യുന്ന ട്രിബ്യൂണലുകളുടെയും അപ്പീൽ കോടതികളുടെയും പ്രവർത്തനം കാര്യക്ഷമമാണെന്ന് വിലയിരുത്തുക, പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടുക, മുതിർന്നവരുടെ അവകാശങ്ങളെയും വിവിധ ക്ഷേമപദ്ധതികളെയും കുറിച്ച് ബോധവത്കരിക്കുക തുടങ്ങിയവയൊക്കെ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. രാജ്യത്ത് വയോജനങ്ങളുടെ ശതമാനം ഏറ്റവും കൂടുതലുള്ളത് കേരളത്തിലായതിനാൽ ഇതിന് സാമൂഹികപ്രസക്തി ഏറെയാണ്. 2011- ലെ സെൻസസ് പ്രകാരം തന്നെ സംസ്ഥാനത്ത് 12.8 ശതമാനം മുതിർന്ന പൗരന്മാരുണ്ട്. ഇതുപ്രകാരം 43 ലക്ഷത്തിലധികം ആളുകൾ വരും.