ശബരിമല :- ശബരീശന് ഇന്ന് മകരവിളക്ക്. പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകര ജ്യോതിയുടെ പുണ്യം വിതറുന്ന ധന്യനിമിഷത്തിനായുള്ള കാത്തിരിപ്പിലാണു ഭക്തർ. രാവിലെ 8.55നായിരുന്നു മകരസംക്രമപൂജ. സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 5ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോർഡ് വരവേൽപു നൽകി സന്നിധാനത്തേക്ക് ആനയിക്കും.
തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.30ന് പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും. മകരജ്യോതി കാണാനായി പൂങ്കാവനമാകെ തീർഥാടകർ നിറഞ്ഞു. അപകടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.