തിരുവനന്തപുരം :- സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ കൂലി വർധിപ്പിക്കുന്നു. 40% വരെ കൂലി വർധനയ്ക്കുള്ള ശുപാർശ ജയിൽ വകുപ്പ് തയാറാക്കി. 6 വർഷത്തിനു ശേഷമാണു വർധന. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയിൽ നിന്ന് 100 രൂപയും കൂടിയ കൂലി 168 രൂപയിൽ നിന്ന് 300 രൂപയുമാക്കാനാണു ശുപാർശ. കാർഷിക മേഖലയിൽനിന്നു കൂ ടുതൽ വരുമാനമുണ്ടാക്കുന്ന തുറന്ന ജയിലുകളിലെ കൂലി 230 രൂപയിൽ നിന്ന് 350 രൂപയായി ഉയർത്താനും ശുപാർശയുണ്ട്.
ശിക്ഷാ തടവുകാരെയാണു ജയിലുകളിൽ വിവിധ ജോലികൾക്കു നിയോഗിക്കുന്നത്. കഠിനതടവിനു വിധിക്കപ്പെട്ടവർ നിർബന്ധമായും, അല്ലാത്തവർ താൽപര്യമനുസരിച്ചും ജോലിയിലേർപ്പെടണം. സെൻട്രൽ ജയിലുകളിൽ 240 ദിവസത്തെ അപ്രന്റിസ്ഷിപ് ഉണ്ട്. 63 രൂപ കൂലി. ഇതു കഴിഞ്ഞാൽ 127 രൂപയോടെ ക്ലാസ് ഒന്നിലെത്തും. വിദഗ്ധ തൊഴിലാളിയെങ്കിൽ 152 രൂപ ലഭിക്കും. മരത്തിലെ കൊത്തുപണി, തയ്യൽ, നെയ്ത്ത് തുടങ്ങിയ അതിവിദഗ്ധ തൊഴിലിന് 168 രൂപ ലഭിക്കും. റബർ ടാപ്പിങ് ഉൾപ്പെടെയുള്ള ജോലികളുള്ള തുറന്ന ജയിലിലെ കൂലി 170 രൂപയാണ്. അധികസമയം ചെയ്താൽ 60 രൂപ കൂടി ചേർത്ത് 230 രൂപ ലഭിക്കും.
സെൻട്രൽ ജയിലുകളിലെ വാണിജ്യ സ്ഥാപനങ്ങളായ കഫെറ്റീരിയ, പെട്രോൾ പമ്പ്, സലൂൺ തുടങ്ങിയവയിലെ ജോലിക്കും തുറന്ന ജയിലിലേതിനു തുല്യമായ കൂലിയാണ്. തുക ട്രഷറിയിൽ സൂപ്രണ്ടിന്റെ പേരിലുള്ള അക്കൗണ്ടിലാണു സൂക്ഷിക്കുക. 25% തടവുകാരനു ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങൾ ജയിൽ കൻ്റീനിൽ നിന്നു വാങ്ങാൻ ഉപയോഗിക്കാം. 50% വീട്ടിലേക്ക് അയയ്ക്കും. ബാക്കി മോചിതനാകുമ്പോൾ കയ്യിൽ നൽകും. അടിയന്തരാവശ്യങ്ങളിൽ പ്രത്യേക അപേക്ഷ നൽകി തുക കൈപ്പറ്റാം. ഭക്ഷണവും ചികിത്സയുമെല്ലാം സൗജന്യമായതിനാൽ ജയിലിൽ വലിയ ചെലവില്ല.