ശബരിമല :- മകരവിളക്കുകാലത്തെ തിരക്കുമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ട് പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനന പാതയിൽ തീർഥാടകരെ കടത്തിവിടുന്നത് ഒരു മണിക്കൂർ കുറച്ചു. കരിമല കാനനപാതയിൽ സമയമാറ്റമില്ല. പുല്ലുമേട് പാതയിൽ സത്രത്തിൽനിന്നു രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ തീർഥാടകരെ കടത്തി വിടൂ. ഈ പാതയിൽ തീർഥാടകരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
സൂര്യൻ അസ്തമിച്ചാൽ പാതയിൽ വെളിച്ചം ഇല്ലാത്തതിനാൽ പുല്ലുമേട് വഴി വരുന്ന തീർഥാടകർ വൈകിട്ട് 5ന് മുൻപ് സന്നിധാനത്ത് എത്തേണ്ടതുണ്ട്. എന്നാൽ ദിവസവും ഒട്ടേറെപ്പേർ വനത്തിൽ കുടുങ്ങുന്നു. സന്നിധാനത്തുനിന്ന് രക്ഷാപ്രവർത്തകർ പോയി ഇവരെ ചുമന്നെത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രവേശന സമയം കുറയ്ക്കണമെന്ന പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. കരിമല കാനന പാതയിൽ പ്രവേശന സമയം വൈകിട്ട് 4 മണിവരെയാണ്. തീർഥാടകർക്ക് രാത്രി സുരക്ഷിതമായി വിശ്രമിക്കാൻ വനം വകുപ്പ് താവളങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.