ഇരിട്ടി :- കാക്കയങ്ങാട് ടൗണിനു സമീപം കൃഷിയിടത്തിലെ കേബിൾകെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി മയക്കുവെടിവച്ചു പിടികൂടിയ പുള്ളിപ്പുലിയെ കർണാടക വനത്തിൽ തുറന്നുവിട്ടു. ഇന്നലെ പുലർച്ചെ 5ന് കർണാടക ബ്രഹ്മഗിരി വനമേഖലയിലേക്കു വയനാട് അതിർത്തിയിൽ നിന്നാണു പുലിയെ തുറന്നുവിട്ടത്.
തിങ്കളാഴ്ച രാവിലെ 6.30ന് കണ്ടെത്തിയ പുലിയെ ഉച്ചയോടെയാണ് മയക്കുവെടി നൽകി പിടികൂടിയത്. ആറളം ആർആർടി വെറ്റ് കെയർ യൂണിറ്റിൽ 11 മണിക്കൂറോളം നിരീക്ഷണം നടത്തി പൂർണ ആരോഗ്യവാനാണെന്നു ഉറപ്പാക്കിയ ശേഷം ഇന്നലെ പുലർച്ചെ ഒന്നിനാണ് കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ആറളം ആർആർടി വെറ്ററിനറി ഓഫിസർ ഡോ. ഏലിയാസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളുമായാണു വെറ്റ് കെയർ യൂണിറ്റിൽ നിന്നു പുലിയുമായി തിരിച്ചത്.
പുലിയെ ആറളം, കൊട്ടിയൂർ, കണ്ണവം വനം മേഖലകളിൽ വിടരുതെന്നു സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു എന്നിവർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഡിഎഫ്ഒയെ കാക്കയങ്ങാട് തടയാൻ ശ്രമിക്കുകയും ആറളം ആർആർടി ഓഫിസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഈ കേന്ദ്രങ്ങളിൽ വിടില്ലെന്നു കൊട്ടിയൂർ റേഞ്ചർ സമരക്കാർക്കു രേഖാമൂലം ഉറപ്പു നൽകുകയും ചെയ്തിരുന്നു. തുടർന്നാണു ഉന്നതതല ആലോചനകൾക്കു ശേഷം ബ്രഹ്മഗിരി വനമേഖലയിൽ തുറന്നുവിട്ടത്.
പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ കൊട്ടിയൂർ റേഞ്ച് ഓഫിസിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും പ്രതി ചേർത്തിട്ടില്ല. നടപടി ക്രമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണു കേസ് റജിസ്റ്റർ ചെയ്തതെന്നു വനം വകുപ്പ് വ്യക്തമാക്കി. കണ്ണവം റേഞ്ചർ സുധീർ നെരോത്ത്, ഡപ്യൂട്ടി റേഞ്ചർമാരായ എം.ഷൈനികൂമാർ (ആറളം ആർആർടി), കെ.ജിജിൽ (കണ്ണവം), സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി.പ്രമോദ്കുമാർ (കൊട്ടിയൂർ), സി.കെ.മഹേഷ് (തോലമ്പ്ര) എന്നിവരും പുള്ളിപ്പുലിയെ വനത്തിൽ തുറന്നുവിടാൻ കൊണ്ടുപോയ സംഘത്തിനു നേതൃത്വം നൽകി.