ദില്ലി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ വമ്പൻ പ്രഖ്യാപനം. ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായനികുതിയില്ല. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് എൺപതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും. പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൂടാതെ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കുമെന്നും പ്രഖ്യാപനം. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.
എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. പാലക്കാട് ഐഐടി ഉൾപ്പെടെയുള്ളവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. സ്റ്റാർട്ടപ്പിൽ 27 മേഖലകൾ കൂട്ടിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരുമെന്നും കാർഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിക്കുന്നു. സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു