കൊണ്ടോട്ടി :- ഹജ് കമ്മിറ്റിയുടെ കീഴിൽ കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടനം മേയ് 16നു തുടങ്ങും. രണ്ടാംഘട്ട യാത്രാ സംഘത്തിലാണു കേരളം. രാജ്യത്തു നിന്നുള്ള ആദ്യ ഹജ് വിമാനം ഏപ്രിൽ 29നു പുറപ്പെടും. ഓരോ വിമാനത്താവളത്തിൽനിന്നും വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം അനുസരിച്ചു തീയതികളിൽ ചെറിയ മാറ്റമുണ്ടായേക്കും. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും കൊച്ചിയിൽനിന്നു സൗദി എയർ ലൈൻസുമാണു സർവീസ് നടത്തുന്നത്. തീർഥാടകർക്കുള്ള മൂന്നാംഘട്ട പഠന ക്ലാസ്, പ്രതിരോധ കുത്തിവയ്പ്, ബാഗേജ് സംബന്ധിച്ച നടപടികൾ തുടങ്ങിയവ ഉടൻ തുടങ്ങും.
കേരളത്തിൽ നിന്ന് ഈ വർ ഷം ഇതുവരെ 15,412 പേർക്ക് ഹജ് യാത്രയ്ക്ക് അവസരമായി. കോഴിക്കോട് വിമാനത്താവളം വഴി 5790, കൊച്ചി വഴി 5502, കണ്ണൂർ വഴി 4105 വീതം തീർഥാട കരും കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങൾ വഴി 26 പേരുമാണ് ഹജ് യാത്ര നടത്തുക. 6046 പേർ കാത്തിരിപ്പു പട്ടികയിലുണ്ടായിരുന്നു. നമ്പർ 2208 വരെയുള്ളവർക്ക് അവസരം ലഭിച്ചു. ഏതാനും പേർക്കുകൂടി അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.