ആമസോണിൽ നിന്നും 39,900 -ത്തിന്റെ ക്യാമറ ഓർഡർ ചെയ്ത യുവാവിന് വന്നത് കാലിപ്പെട്ടി. യുവാവ് തന്നെയാണ് എക്സിൽ (ട്വിറ്ററിൽ) തനിക്കുണ്ടായ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. ശുഭം 2.0 എന്ന യൂസറാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഇനി ഒരിക്കലും ആമസോണിൽ നിന്നും താൻ ഓർഡർ ചെയ്യില്ല' എന്നും പറഞ്ഞാണ് ശുഭം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വിവിധ ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
39,990 വില വരുന്ന GoPro Hero 13 Special Bundle, 999 രൂപ വില വരുന്ന Syvro S11 tripod, 2812 രൂപ വില വരുന്ന Telesen ND Filters എന്നിവയാണ് യുവാവ് ആമസോണിൽ ഓർഡർ ചെയ്തത്. മൂന്ന് സാധനങ്ങളും ഒരുമിച്ച് ഷിപ്പ് ചെയ്തതായിട്ടാണ് അറിയാനും കഴിഞ്ഞത്. എന്നാൽ, പാക്കേജ് എത്തിയപ്പോൾ GoPro അതിൽ ഇല്ലായിരുന്നു. സംഭവത്തെത്തുടർന്ന് ശുഭം ആമസോണിൻ്റെ കസ്റ്റമർ കെയറിൽ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. 2025 ഫെബ്രുവരി 4 -നകം പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് അറിയിച്ചത്.
പിന്നീട്, വീണ്ടും ഒരിക്കൽ കൂടി അന്വേഷിച്ചപ്പോൾ അതിലൊന്നും ചെയ്യാനാവില്ല എന്നായിരുന്നത്രെ പ്രതികരണം. ഇത് ശുഭത്തിനെ അമ്പരപ്പിച്ചു. കൂടാതെ, പ്രോഡക്ടിന്റെ പാക്കിംഗേ ശരിയായിരുന്നില്ലെന്നും അതിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ശുഭം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാഴ്സലിലെ സ്റ്റിക്കറിൽ ഭാരം അടയാളപ്പെടുത്തിയിരിക്കുന്നത് 1.28 കിലോഗ്രാം എന്നാണ്. എന്നാൽ, പാഴ്സൽ കിട്ടി നോക്കിയപ്പോൾ അതിൻ്റെ ഭാരം 650 ഗ്രാം മാത്രമായിരുന്നു. പാക്കേജിൽ നിന്നും GoPro കാണാതായതെങ്ങനെയാണ് എന്നാണ് ശുഭം ചോദിക്കുന്നത്. ആമസോണിനെയും ശുഭം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകി. ഒരു യൂസർ പറഞ്ഞത്, ആമസോണിനെ വിളിച്ച് നിങ്ങളുടെ സോഷ്യൽ മീഡിയാ റീച്ചിനെ കുറിച്ച് പറയൂ. പ്രശ്നം പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. തന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നാണ്.