പാതിവില തട്ടിപ്പ് ; മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസ് അവഗണിച്ചു, പരാതി ലഭിക്കാത്തതിനാൽ അന്വേഷണം നടന്നില്ല


കണ്ണൂർ :- കോടികളുടെ ഓൺലൈൻ തട്ടിപ്പുകൾ സജീവമായപ്പോൾ അതിനുപിന്നാലെ പോയ പൊലീസ്, ഓഫ്‌ലൈൻ ആയി നടന്ന തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചിട്ടും അവഗണിച്ചു. സീഡ് ട്രസ്റ്റിന്റെ പേരിൽ അനന്തു കൃഷ്ണനും പ്രമോട്ടർമാരും നടത്തുന്ന പാതിവിലത്തട്ടിപ്പിനെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് കഴിഞ്ഞ ജൂണിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പരാതിയൊന്നുമില്ലാത്തതിന്റെ പേരിൽ പൊലീസ് അന്വേഷണം നടന്നില്ല. വളപട്ടണം, മയ്യിൽ സ്റ്റേഷനുകളിലെ സ്പെഷൽ ബ്രാഞ്ച് ആണ് ആദ്യം റിപ്പോർട്ട് നൽകിയത്. എന്നാൽ പരാതി ഉണ്ടെങ്കിൽ അന്വേഷിച്ചാൽ മതിയെന്നായിരുന്നു ജില്ലാ ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി.

2023 ഏപ്രിലിലാണ് ജില്ലയിൽ സീഡ് സൊസൈറ്റി രൂപീകരിക്കുന്നത്. മിക്കയിടത്തും തദ്ദേശ സ്ഥാപന ജനപ്രതിനിധികളെയും കുടുംബശ്രീ ഭാരവാഹികളെയും മുന്നിൽനിർത്തിയാണു വാഗ്ദാനം ജനങ്ങളിലെത്തിച്ചത്. ജനപ്രതിനിധികൾ വാട്സാപ് ഗ്രൂപ്പ് വഴി പാതിവിലയ്ക്കു ലഭിക്കുന്ന സാധനങ്ങളെക്കുറിച്ചു പ്രചാരണം നൽകിയതോടെ ജനം വേഗം വിശ്വസിച്ചു. ആദ്യഘട്ടത്തിലെ വിതരണം നിർവഹിച്ചത് ജനപ്രതിനിധികളായിരുന്നു. അവരുടെ ഫോട്ടോ വച്ചായിരുന്നു പിന്നീടുള്ള പ്രചാരണം.

കൂടുതൽ പേർ ഇത്തരത്തിൽ സ്കൂട്ടറിനും തയ്യൽയന്ത്രത്തിനും പണം നൽകിയതോടെ സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുകയും ജില്ലാ ആസ്ഥാനത്തേക്കു റിപ്പോർട്ട് നൽകുകയും ചെയ്തു. വലിയ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന് അന്നേ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് അന്നേ പരിഗണിച്ചിരുന്നെങ്കിൽ തട്ടിപ്പുവല ഇത്രയും വലുതാകില്ലായിരുന്നു. 

കേസന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ രൂപീകരിച്ച സംഘത്തിലെ നാലുപേർ തെളിവെടുപ്പിനായി എറണാകുളത്തെത്തി. കണ്ണൂരിലെ പരാതിക്കാരിൽനിന്നു വാങ്ങിയ പണം ഏത് അക്കൗണ്ടുകളിലേക്കു മാറ്റിയെന്നാണ് അന്വേഷിക്കുന്നത്. അറസ്റ്റിലായ അനന്തു കൃഷ്ണനെ തെളിവെടുപ്പിനായി ഉടൻ കണ്ണൂരിൽ കൊണ്ടുവരും.

Previous Post Next Post