പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ് ; മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതിക്കാരുടെ തിരക്ക്, ലഭിച്ചത് 612 പരാതികൾ, കൂടുതലും കുറ്റ്യാട്ടൂരിൽ നിന്ന്


മയ്യിൽ :- പകുതിവിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നാല് പഞ്ചായത്തുകളിൽ നിന്ന് സീഡ് സൊസൈറ്റി തട്ടിയെടുത്തത് നാല് കോടി രൂപയിൽ അധികമെന്ന് പോലീസ്. 612 പേരാണ് കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിൽ നിന്ന് സീഡ് സൊസൈറ്റിയിലെ പ്രൊമോട്ടർ വഴി 60,000 രൂപ വീതം അടച്ചത്. ഏറ്റവും കൂടുതൽ തുക നഷ്ടമായവർ കുറ്റ്യാട്ടൂർ പഞ്ചായത്തിലാണ്.

മയ്യിൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ 270 പേരും ഇവിടെ നിന്ന് ഉള്ളവരാണ്. മിക്കവരും കുടുംബശ്രീ വഴി രൂപവത്കരിച്ച വണ്ടി ഗ്രൂപ്പ് വഴിയാണ് പകുതി വിലയ്ക്ക് സ്കൂട്ടർ ലഭിക്കുന്ന വിവരമറിഞ്ഞ് പണമടച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മുതൽ മയ്യിൽ പോലീസ് സ്റ്റേഷന് മുന്നിൽ പരാതി നൽകാനെത്തിയ വനിതകളുടെ നീണ്ട നിരയായിരുന്നു. ഒരു വർഷം ലഭിക്കുന്ന പരാതികളുടെ 90 ശതമാനവും രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചതാണെന്നാണ് പോലീസ് പറയുന്നത്.

ഒരു പ്രൊമോട്ടർ ഉൾപ്പെടെ നാല് പഞ്ചായത്തുകളിലെയും പണം നഷ്ടപ്പെട്ട എല്ലാവരുടെയും പേരുകൾ ചേർത്തുള്ള പരാതിയിൽ നാല് കേസുകളാണ് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്തത്. സൊസൈറ്റി ചെയർമാൻ അനന്തു കൃഷ്ണൻ, കെ എൻ ആനന്ത്‌ കുമാർ, ബീന സെബാസ്റ്റ്യൻ എന്നിവർക്കെതിരേ നേരത്തേ കേസ് എടുത്തിട്ടുണ്ട്. ശേഷം നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പ്രോജക്ട് മാനേജർ പി രാജമണിക്ക് എതിരേയും കേസെടുത്തത്.

Previous Post Next Post