മംഗളൂരു :- ഉഡുപ്പിയിൽ എ.ടി.എം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് യാസിൻ (21), മംഗളൂരു അസൈഗോളി സ്വദേശി അബൂബക്കർ സിദ്ദിഖ് (24) എന്നിവരെയാണ് കാപ്പു പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 12-ന് അർധരാത്രി ഉദ്യാവരയിലെ കനറാ ബാങ്ക് എ.ടി.എം കുത്തിത്തുറന്നാണ് പണം കവരാൻ ശ്രമിച്ചത്.
സുരക്ഷാജീവനക്കാരൻ ഇല്ലാത്ത എ.ടി.എമ്മിൽനിന്ന് സൈറൺ മുഴങ്ങിയതോടെ ഇവർ ഓടിരക്ഷപ്പെട്ടു. മുഖംമൂടി ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിഞ്ഞില്ല. വിരലടയാള പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്നാണ് ഇവരെ അറസ്റ്റ്ചെയ്തത്. പ്രതികളിൽ നിന്ന് മോഷണത്തിനുപയോഗിച്ച വടിവാൾ, ചുറ്റിക, ജാക്കറ്റ്, തൊപ്പികൾ, ഗ്ലൗസ് എന്നിവ കണ്ടെത്തി.