പയ്യന്നൂർ :- കെ.എസ്.ആർ.ടി.സി.യുടെ കീഴിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ ഡ്രൈവിങ് പരിശീലനകേന്ദ്രം പയ്യന്നൂർ ഡിപ്പോയിൽ രണ്ടാഴ്ചയ്ക്കകം പ്രവർത്തനം തുടങ്ങും. ഇതിനുള്ള ഓഫീസും മറ്റ് സംവിധാനങ്ങളും കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയിൽ തയ്യാറായി. ആദ്യ ഘട്ടമെന്ന നിലയിൽ കെ.എസ്.ആർ.ടി.സി ഓരോ ജില്ലയിലും ഒന്നു വീതം ഡ്രൈവിങ് സ്കൂളുകളാണ് തുടങ്ങുന്നത്. എ.ടി.ഒ യുടെ പേരിലാണ് ഡ്രൈവിങ് സ്കൂളിന്റെ രജിസ്ട്രേഷൻ. അഞ്ചുവർഷം ഡ്രൈവിങ് പരിചയവും രണ്ടു വർഷത്തെ മോട്ടോർ മെക്കാനിക് പ്രവർത്തനപരിചയവുമുള്ള ആളായിരിക്കും പരിശീലകൻ. ഒരു ബാച്ചിൽ 16 പേർക്കാണ് പരിശീലനം നൽകുക. ഒരു മാസമാണ് പരിശീലനം.
ആദ്യഘട്ടമെന്ന നിലയിൽ ഹെവി വാഹന ഡ്രൈവിങ് കോഴ്സാണ് തുടങ്ങുന്നത്. അതിനായുള്ള വാഹനം ഡിപ്പോയിലെത്തിയിട്ടുണ്ട്. ഡ്രൈവിങ്ങിനൊപ്പം സോദാഹരണ ക്ലാസും മറ്റ് ക്ലാസുകളുമുണ്ടാകും. ക്ലാസ് മുറിയും ഡെമോ റൂമും പയ്യന്നൂർ കെ.എസ്.ആർ.ടി.സി.യിൽ തയ്യാറായിക്കഴിഞ്ഞു. എൻ ബോക്സ്, ക്ലച്ച് തുടങ്ങിയ സാങ്കേതിക കാര്യങ്ങളും പഠിപ്പിക്കും. അതിനായി ഡിപ്പോയിലെ വർക്ക് ഷോപ്പ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കും.
ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഡ്രൈവിങ് സ്കൂളിലേക്ക് ഉടനെത്തും. ഇവയിലുള്ള പരിശീലന പരിപാടിയും തുടർന്ന് ആരംഭിക്കും. ഹെവി വാഹനം -9000, കാർ-9000, ഇരുചക്രവാഹനം-3500 എന്നിങ്ങനെയാണ് ഫീസ്. ടു വീലറും ഫോർവീലറും ഒപ്പം പഠിക്കാൻ 11,000 രൂപ അടയ്ക്കണം. പഠിച്ച് കഴിഞ്ഞ് ലൈസൻസ് കിട്ടിയാൽ സുഗമമായ ഡ്രൈവിങ് സ്വായത്തമാക്കാൻ പ്രത്യേക പരിശീലനവും നൽകി. കാറിന് 2,500, ഹെവി വാഹനത്തിന് 5,000 എന്നിങ്ങനെയാണ് 50 കിലോമീറ്റർ ഓടിക്കാൻ ഫീസ്. പുറത്ത് ഡ്രൈ വിങ് പഠിച്ചവർക്കും ഈ സംവിധാനം ഉപയോഗിക്കാം. പരിശീലനത്തിനും മറ്റുമായുള്ള സ്ഥലസൗകര്യം പയ്യന്നൂർ ഡിപ്പോയിലുണ്ടെന്നതാണ് പ്രത്യേകത.