കണ്ണൂർ :- കോട്ടയത്തും കൊച്ചി നെടുമ്പാശ്ശേരിയിലും വ്യാഴാഴ്ച രേഖപ്പെടുത്തിയത് ഫെബ്രുവരി മാസത്തെ റെക്കോഡ് ചൂട്. എന്നാൽ, ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളിൽ കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയത്ത് 38.6 ഡിഗ്രി സെന്റി ഗ്രേഡാണ് രേഖപ്പെടുത്തിയത്. 2020 ഫെബ്രുവരി 23-നും കഴിഞ്ഞവർഷം ഫെബ്രുവരി 27-നും രേഖപ്പെടുത്തിയ 38.5 ഡിഗ്രി സെന്റി ഗ്രേഡ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37.6 ഡിഗ്രി സെന്റിഗ്രേഡും 2000 മുതലുള്ള രേഖകൾപ്രകാരം ഫെബ്രുവരിയിലെ റെക്കോഡ് ആണ്. കണ്ണൂർ വിമാനത്താവളത്തിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത് 39.8 ഡിഗ്രിയാണ്. മൂന്നുദിവസം മുൻപ് ഇവിടെ 40.4 ഡിഗ്രി ആയിരുന്നു. കണ്ണൂർ ജില്ലയിൽ വെള്ളിയാഴ്ചയും 39 ഡിഗ്രി തുടരാനാണ് സാധ്യത. സംസ്ഥാനത്താകെ രണ്ടുമുതൽ മൂന്നു ഡിഗ്രി വരെ വർധനയുണ്ടാവും.