കണ്ണൂർ :- റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് അപകടങ്ങളും മരണങ്ങളും ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടലുമായി റെയിൽവേ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നര മാസത്തിനിടെ മൂന്നു പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആളുകൾ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴാതിരിക്കാൻ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടി ട്രെയിനുമായുള്ള വിടവ് കുറയ്ക്കും. ഇതിനുള്ള നിർമാണം ദിവസങ്ങൾക്കകം തുടങ്ങുമെന്ന് സ്റ്റേഷൻ മാനേജർ എസ്.സജിത് കുമാർ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ നിർമാണം പൂർത്തിയാകുന്നതോടെ ട്രാക്കിലേക്ക് വീണുള്ള അപകടങ്ങൾ കുറയുമെന്നു പ്രതീക്ഷിക്കുന്നതായും സ്റ്റേഷൻ മാനേജർ പറഞ്ഞു.
ബുധനാഴ്ച തിരുനെൽവേലി – ദാദർ എക്സ്പ്രസിൽ നിന്ന് ഭക്ഷണം വാങ്ങാനായി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ മുംബൈ സ്വദേശിയായ ശൈലൈന്ദ്ര ശ്യാംസുന്ദർ (41) ട്രാക്കിലേക്ക് വീണ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രി മംഗള എക്സ്പ്രസിൽ കയറുന്നതിനിടെ പിടിവിട്ട് ട്രാക്കിലേക്കു വീണ ചാവശ്ശേരി സ്വദേശി മുഹമ്മദ് അലി ഇരുകാലുകളും അറ്റ് പരിയാരത്ത് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഡിസംബർ 30ന് യശ്വന്ത്പുര–മംഗളൂരു പ്രതിവാര എക്സ്പ്രസിൽ നിന്ന് വീണും ഡിസംബർ 20ന് ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നു വീണും കണ്ണൂരിൽ മരണങ്ങൾ സംഭവിച്ചിരുന്നു. വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്ത രണ്ടു യുവതികളുടെ കാലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് പരുക്കേറ്റതും ദിവസങ്ങൾക്കു മുൻപാണ്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണ് ആർപിഎഫും പൊലീസും ചേർന്ന് അത്ഭുതകരമായ തരത്തിൽ രക്ഷപ്പെടുത്തിയ സംഭവങ്ങളും പലതുണ്ട്. ട്രെയിൻ നീങ്ങിത്തുടങ്ങിയാൽ ഓടിക്കയറുകയോ ചാടിയിറങ്ങുകയോ ചെയ്യരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും യാത്രക്കാർ പാലിക്കാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ഇലക്ട്രിക് എൻജിനുകൾ വന്നതോടെ പുറപ്പെട്ട് നിമിഷങ്ങൾ കൊണ്ട് അതിവേഗം കൈവരിക്കാൻ ട്രെയിനുകൾക്ക് കഴിയും. ഇക്കാര്യം മനസ്സിലാക്കാതെ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്. വാതിൽപ്പടിയിൽ യാത്ര ചെയ്യുന്നതും നിരന്തരം വിലക്കാറുണ്ടെങ്കിലും പാലിക്കാത്ത യാത്രക്കാർ ഏറെയാണെന്നും ആർപിഎഫും റെയിൽവേ പൊലീസും ചൂണ്ടിക്കാട്ടി. യാത്രക്കാർ ശ്രദ്ധിച്ചാൽ ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നും ഇവർ പറഞ്ഞു.
ട്രെയിൻ പുറപ്പെടുന്നതിനു മുൻപ് അനൗൺസ്മെന്റ്, ബെൽ മുഴക്കൽ എന്നിങ്ങനെ മുന്നറിയിപ്പുകൾ നൽകാൻ തുടങ്ങിയതായി റെയിൽവേ. ട്രെയിനിലെ ഹോണും നീങ്ങിത്തുടങ്ങുന്നതിനു മുൻപായി മുഴക്കാറുണ്ട്. ബെൽ മുഴക്കുന്നത് പ്ലാറ്റ്ഫോം മുഴുവൻ കേൾക്കുന്ന സൗകര്യമൊരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. കോഴിക്കോട് നാലാം പ്ലാറ്റ്ഫോമിൽ ഭക്ഷണ കൗണ്ടറുകൾ കുറവായതിനാൽ വടക്കോട്ടുള്ള ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ കൂട്ടത്തോടെ കണ്ണൂരിലിറങ്ങി ഭക്ഷണം വാങ്ങാറുണ്ട്. ഇതാണ് പലപ്പോഴും നീങ്ങിത്തുടങ്ങിയ ശേഷം ഓടിക്കയറുന്നതിലേക്ക് നയിക്കുന്നത്. കണ്ണൂർ വിട്ടാൽ പിന്നെ മംഗളൂരു റെയിൽവേ സ്റ്റേഷനിലേ കൂടുതൽ ഭക്ഷണ കൗണ്ടറുകളുള്ളൂ.