അണ്ടലൂർ :- അണ്ടലൂർക്കാവ് ഉത്സവം ബുധനാഴ്ച സമാപിക്കും. ബുധനാഴ്ച നടക്കുന്ന തെയ്യാട്ടങ്ങൾക്കും ചടങ്ങുകൾക്കും ശേഷം വ്യാഴാഴ്ച തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെയാണ് സമാപനം. ബുധനാഴ്ച പുലർച്ചെ മുതൽ തെയ്യാട്ടങ്ങൾ തുടങ്ങി. അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗഭഗവതി, മല ക്കാരി, പൊൻമകൻ, പുതു ചേകോൻ, വേട്ടയ്ക്കൊരുമകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് ക്ഷേത്രമുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം.
വൈകിട്ട് മെയ്യാലുകൂടൽ. തുടർന്ന് പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊൻമുടിയണിയും. സഹചാരികളായ അങ്കക്കാരൻ (ലക്ഷ്മണൻ), ബപ്പൂരൻ (ഹനുമാൻ) എന്നിവരും തിരുമുടി അണിയും രാത്രിതാഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. ആട്ടങ്ങൾക്കു ശേഷം തിരിച്ചെഴുന്നള്ളത്ത് നടക്കും. കരിമരുന്ന് പ്രയോഗവുമുണ്ടാകും. തടവുപൊളിച്ച് പാച്ചിൽ, നിരത്തിപ്പാച്ചിൽ തുടങ്ങിയ ചടങ്ങുകൾക്കു ശേഷമാണ് സമാപനച്ചടങ്ങുകൾ.
ഉത്സവത്തിന്റെ ആറാം ദിനമായ ചൊവ്വാഴ്ച ക്ഷേത്രത്തിൽ മുഴുവൻ സമയവും വൻ തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് നടന്ന ബാലി-സുഗ്രീവ യുദ്ധം കാണാൻ വൻ ജനാവലിയാണ് ക്ഷേത്രമുറ്റത്തെത്തിയത്. ഇളങ്കരുവൻ, പൂതാടി എന്നീ തെയ്യങ്ങളാണ് ബാലിയും സുഗ്രീവനും. ദൈവത്താർ മുടിയണിയുന്നതിന് സാക്ഷികളാകാനും ആയിരങ്ങളെത്തി. രാത്രി വൈകിയും ജനത്തിരക്ക് തുടരുകയായിരുന്നു.