താമരശ്ശേരി :- അഞ്ചുവർഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നി(30)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ ഇടപെടൽ. സംഭവത്തെക്കുറിച്ച് രണ്ടാഴ്ചക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. മാർച്ച് 26-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അലീനയുടെ നിയമനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. അധ്യാപികയുടെ മരണത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻ കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യ പ്പെട്ടിരുന്നു. സ്ഥിരനിയമനത്തിന് അംഗീകാരം നൽകുന്ന നടപടിക്രമങ്ങൾ നീണ്ടുപോയതിനു പിന്നിൽ സാങ്കേതികത്വ പ്രതിബന്ധങ്ങളും മാനേജ്മെന്റിന്റെ വീഴ്ചയുമാണെന്ന് പരോക്ഷമായി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് എ.ഇ.ഒ.പി വിനോദ് ഡയറക്ടർക്ക് സമർപ്പിച്ചത്. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാലും മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതിനാലുമാണ് നേരത്തെ അപേക്ഷകൾ നിരസിച്ചതെന്നും ആവശ്യമായ രേഖകൾ ഹാജരാക്കാൻ മാനേജ്മെന്റ് വൈകിയെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.