ചില രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, ഏതൊക്കെയാണാ രാജ്യങ്ങൾ ?


മറ്റ് രാജ്യങ്ങളിൽ വാഹനം ഓടിക്കണമെങ്കിൽ ആ രാജ്യത്തെ ലൈസൻസ് വേണ്ടേ? പലർക്കുമുള്ള സംശയമാണ് ഇത്. വേണം എന്നത് തന്നെയാണ് ഉത്തരം. എന്നാൽ, ചില രാജ്യങ്ങൾ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് അംഗീകരിക്കുന്നുണ്ട്. ഇതിൽ ചില രാജ്യങ്ങൾ ചെറിയ നിബന്ധനകൾ മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും മറ്റ് ചില രാജ്യങ്ങളിൽ പ്രത്യേക നിബന്ധനകളില്ല. ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് അംഗീകരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

1) ന്യൂസിലാൻഡ്

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ന്യൂസിലൻഡിൽ വാഹനം ഓടിക്കാൻ സാധിക്കും. എന്നാൽ, ഇതിന് ചില നിബന്ധനകൾ ബാധകമാണ്. ഒരു വർഷം വരെ മാത്രമേ ഇന്ത്യയിലെ ലൈസൻസ് ഉപയോഗിച്ച് ന്യൂസിലാൻഡിൽ വാഹനം ഓടിക്കാൻ കഴിയൂ. വാഹനം ഓടിക്കുന്നയാൾക്ക് 21 വയസ് പ്രായമുണ്ടാകണം. ഇംഗ്ലീഷിലുള്ള ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസും വേണം. 

2) ഓസ്ട്രേലിയ

ഇന്ത്യൻ ലൈസൻസിന് നിബന്ധനകളോടെ അംഗീകാരം നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഇംഗ്ലീഷിലുള്ള ഇന്ത്യൻ ലൈസൻസ് കൈവശമുള്ളയാൾക്ക് ന്യൂ സൌത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, സൌത്ത് ഓസ്ട്രേലിയ, ഓസ്ട്രേലിയൻ തലസ്ഥാന മേഖല തുടങ്ങിയ സ്ഥലങ്ങളിൽ വാഹനം ഓടിക്കാൻ സാധിക്കും. 

3) സിംഗപ്പൂർ

സാധാരണയായി ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസാണ് സിംഗപ്പൂരിൽ വാഹനം ഓടിക്കാൻ ആവശ്യമായുള്ളത്. എന്നാൽ, ഇന്ത്യയിലെ ലൈസൻസിന്റെ ഇംഗ്ലീഷ് പതിപ്പ് കൈവശമുണ്ടെങ്കിൽ സിംഗപ്പൂരിൽ ഒരു വർഷം വരെ വാഹനം ഓടിക്കാൻ കഴിയും. 

4) ദക്ഷിണാഫ്രിക്ക

ഇന്ത്യൻ ലൈസൻസ് അംഗീകരിക്കുന്ന മറ്റൊരു രാജ്യമാണ് ദക്ഷിണാഫ്രിക്ക. നിലവിലുള്ളതും ഇംഗ്ലീഷിൽ അച്ചടിച്ചതുമായ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കും. 

5) യുണൈറ്റഡ് കിംഗ്ഡം (യുകെ)

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുകെയിൽ ഒരു വർഷം വാഹനം ഓടിക്കാം. എന്നാൽ, നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള വാഹന ക്ലാസുകൾ മാത്രമേ നിങ്ങൾക്ക് ഓടിക്കാൻ അനുവാദം ഉണ്ടാകുകയുള്ളൂ. 

6) സ്വിറ്റ്സർലാൻഡ്

ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട രാജ്യമായ സ്വിറ്റ്സർലാൻഡിൽ ഇന്ത്യയിലെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ കഴിയും. ഒരു വർഷത്തേയ്ക്കാണ് അനുമതി. ഇംഗ്ലീഷിലുള്ള ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു കാർ വാടകയ്ക്ക് എടുക്കാനും സാധിക്കുമെന്നതാണ് സവിശേഷത. 

7) സ്വീഡൻ

ഇന്ത്യയുടെ ലൈസൻസ് അംഗീകരിക്കുന്ന മറ്റൊരു രാജ്യമാണ് സ്വീഡൻ. നിങ്ങളുടെ ലൈസൻസ് സ്വീഡിഷിലോ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ജർമ്മനിലോ നോർവീജിയനിലോ അച്ചടിച്ചതാകണമെന്ന് മാത്രം. 

8) സ്പെയിൻ

ആവശ്യമായ റസിഡൻസി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് സ്പെയിനിൽ യാത്ര ചെയ്യാം. ഇതിനായി ചിലപ്പോൾ നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടി വന്നേക്കാം. 

Previous Post Next Post