പുതിയതെരുവിലെ ഗതാഗത പരിഷ്കരണം വിജയകരം; തുടരാൻ തീരുമാനം

 


കണ്ണൂർ:- പുതിയതെരുവിൽ അഞ്ച് ദിവസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണ നടപടി വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.ഗതാഗതക്കുരുക്കിനെ തുടർന്ന് റെഡ് സോണിൽ ആയിരുന്ന പുതിയതെരു പട്ടണം ട്രാഫിക് പരിഷ്കരണത്തെ തുടർന്ന് ഗ്രീൻ സോണിലേക്ക് മാറിയതായി കണ്ണൂർ ആർടിഒ ഇ എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

യാത്രക്കാരുടെ സൗകര്യാർഥം തളിപ്പറമ്പ് ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസുകൾക്ക് പള്ളിക്കുളത്ത് ബുധനാഴ്ച മുതൽ സ്റ്റോപ്പ് അനുവദിച്ചു. കൂടാതെ ലോക്കൽ ബസുകൾക്ക് മാഗ്നറ്റ് ഹോട്ടലിന് എതിർവശം പുതിയ സ്റ്റോപ്പ് അനുവദിക്കും.ഹൈവേ ജംഗ്ഷന് സമീപത്തേക്ക് മാറ്റിയ പുതിയ ബസ് സ്റ്റോപ്പ് തുടരും. അവിടെ എല്ലാ ബസുകൾക്കും സ്റ്റോപ്പ് അനുവദിക്കും. യു ടേൺ എടുക്കുന്നതിന് മുൻപ് മയ്യിൽ ഭാഗത്തേക്കുള്ള ബസുകൾക്കും ഇവിടെ നിർത്താവുന്നതാണ്.

കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചിറക്കൽ പഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജിഷ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽ കുമാർ, കണ്ണൂർ ആർ ടി ഒ ഇ എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷ്, എസ്‌ ഐ പി ഉണ്ണികൃഷ്ണൻ, ബസ് ഉടമകളുടെയും ജീവനക്കാരുടെയും മോട്ടോർ തൊഴിലാളികളുടെയും ഓട്ടോറിക്ഷ തൊഴിലാളി സംഘടന ഭാരവാഹികളും പങ്കെടുത്തു.

Previous Post Next Post