മയ്യിൽ :- ജില്ലയിലെ ആഫ്രിക്കൻ ഒച്ച് ബാധിത പ്രദേശങ്ങളിൽ കീടരോഗബാധ നിയന്ത്രണ പദ്ധതി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആഫ്രിക്കൻ ഒച്ച് നിയന്ത്രണവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കേണ്ടതും ഏകോപിപ്പിക്കേണ്ടതും തദ്ദേശസ്വയംഭരണ വകുപ്പാണെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഇതിനുള്ള നിർദ്ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്നും അവ തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
മയ്യിൽ പഞ്ചായത്തിലെ കയരളം വില്ലേജിലും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ച് വ്യാപനമുണ്ടായ സാഹചര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മനോജ് കുമാർ കെ.വി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജില്ലാ കളക്ടർ, ഡി. എം. ഒ., കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകളിൽ നിന്നും കമ്മീഷൻ റിപ്പോർട്ടുകൾ വാങ്ങി. 2022 മേയ് 28 ലെ സർക്കാർ ഉത്തരവ് പ്രകാരം പെട്ടെന്നുണ്ടാവുന്ന കീടരോഗങ്ങളുടെ തീവ്രവ്യാപന നിയന്ത്രണത്തിനായി പഞ്ചായത്തുകൾക്ക് പദ്ധതികൾ ഏറ്റെടുത്ത് പാടശേഖരസമിതികളോ കർഷക സമിതികളോ മുഖേന നടപ്പിലാക്കാമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വിവിധ സർക്കാർ ഏജൻസികൾ കമ്മീഷനെ അറിയിച്ചു.