തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കോച്ച് നമ്പർ ബോർഡുകൾ മാറ്റിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു


തലശ്ശേരി :- തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കോച്ചിന്റെ സ്ഥാനം സൂചിപ്പിക്കുന്ന ബോർഡുകൾ എടുത്തു മാറ്റിയതു മൂലം യാത്രക്കാർ നെട്ടോട്ടമോടുന്നു. സ്റ്റേഷനിലെത്തുന്ന ട്രെയിനുകളുടെ നമ്പർ, കോച്ച് പൊസിഷൻ തുടങ്ങിയ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ സജ്ജീകരിച്ച ഇലക്ട്രോണിക്സ് ഡിസ്പ്ലേ ബോർഡിൽ തെളിയുന്നുണ്ട്. ഇതു പ്രവർത്തനക്ഷമമായതോടെയാണ് ഒന്ന്, രണ്ട് എന്ന ക്രമത്തിൽ ബോഗികൾ വന്നു നിൽക്കുന്ന നമ്പർ പതിച്ച ബോർഡുകൾ പ്ലാറ്റ്ഫോമിൽ നിന്ന് അപ്രത്യക്ഷമായത്. ഇതുമൂലം ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ കോച്ച് നമ്പറും പൊസിഷനും പ്രദർശിപ്പിച്ചാലും ഇതിൽ കാണിക്കുന്ന കോച്ച് എവിടെയാണ് വരികയെന്നത് സംബന്ധിച്ച് യാത്രക്കാർ ആശയക്കുഴപ്പത്തിലാണ്. 

നമ്പർ രേഖപ്പെടുത്തിയ ബോർഡ് മാറ്റിയപ്പോൾ ഓരോ ബോഗിയും വന്നുനിൽക്കുന്നിടത്ത് പ്ലാറ്റ് ഫോമിൽ നിലത്ത് വെള്ള നിറത്തിൽ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അക്കത്തിൽ അവ്യക്തമായി എഴുതുകയായിരുന്നു. ഇതു ആരുടെയും ശ്രദ്ധയിൽപ്പെടില്ല. എൻജിൻ മുതലുള്ള ബോഗികളുടെ നമ്പർ ക്രമത്തിൽ എഴുതിയ ബോർഡുകൾ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ നമ്പർ നോക്കി യാത്രക്കാർക്ക് കോച്ച് വന്നു നിൽക്കുന്ന സ്ഥാനത്ത് നിൽക്കാമായിരുന്നു. ഇപ്പോൾ ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ തെളിയുന്ന കോച്ച് പൊസിഷൻ നോക്കി അത് വന്നു നിൽക്കുന്ന സ്ഥാനം എവിടെയാണെന്ന് തിരക്കി പരക്കംപായുന്ന കാഴ്ചയാണ്. ഇതു അപകടത്തിനും ഇടയാക്കും. അതിനാൽ നീക്കം ചെയ്ത പഴയ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്ലാറ്റ് ഫോമിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ യാത്രക്കാർക്ക് എറെ പ്രയോജനപ്പെടുന്നുണ്ട്. എന്നാൽ എൻജിനിൽ നിന്നും എത്രാമത്തെ ബോഗിയാണെന്നു അറിയിപ്പ് നൽകുന്ന ബോർഡുകൾ നീക്കം ചെയ്തതു മൂലം യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.അതിനാൽ നീക്കം ചെയ്ത പഴയ ബോർഡുകൾ പുതിയ ഡിജിറ്റൽ ഇലക്ട്രോണിക് ബോർഡുകൾക്കൊപ്പം പുനഃസ്ഥാപിക്കണം. അതല്ലെങ്കിൽ ഇലക്ട്രോണിക് ബോർഡുകൾക്ക് മുകളിൽ നമ്പർ രേഖപ്പെടുത്തിയ സ്റ്റിക്കർ ഒട്ടിച്ച് പ്രശ്നം പരിഹരിക്കണം.

Previous Post Next Post