കണ്ണൂർ :- ആറ് മാസമായി അടച്ചിട്ട റെയിൽവേ ഫൂട്ട് ഓവർ ബ്രിജ് പൊളിച്ചു തുടങ്ങി. നിർമാണ പ്രവൃത്തിയുടെ ഭാഗമായാണ് ഇന്നലെ രാവിലെ മുതൽ ബ്രിജ് പൊളിക്കാൻ തുടങ്ങിയത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണു ബ്രിജ് അടച്ചിട്ടതെങ്കിലും ഇത് പ്രായോഗികമല്ലാത്തതിനാൽ പുതിയ പാലം നിർമിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിനായി കമേഴ്സ്യൽ, മെക്കാനിക്കൽ, എൻജിനീയറിങ് വിഭാഗങ്ങളുടെ ജോയിന്റ് കമ്മിറ്റിയുണ്ടാക്കി. എസ്‌റ്റിമേറ്റും പ്രൊജ ക്ട് റിപ്പോർട്ടും തയറാക്കി. 4.63 കോടി രൂപയാണ് പുതിയ പാലത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് നിന്ന് മുനീശ്വരൻ കോവിൽ റോഡിലേക്കുള്ള ഫൂട്ട്ഓവർ ബ്രിജ് കഴിഞ്ഞ ഓണക്കാലത്താണ് അടച്ചത്. കാൽനടയാത്രികർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കച്ചവടം ഇല്ലാതായി ഈ ഭാഗത്തെ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. മന്ത്രിയുടെയും എംപിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി റെയിൽവേ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പാലത്തിന്റെ മുകൾഭാഗം പൊളിച്ചതല്ലാതെ മറ്റൊരു പണിയും നടന്നിരുന്നില്ല. പ്രസ് ക്ലബ് ഭാഗത്ത് നിന്ന് മുനീശ്വരൻ കോവിൽ ഭാഗത്തെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണ് ഈ നടപ്പാത. ട്രെയിൻ-ബസ് യാത്രക്കാർക്കും മുനീശ്വരൻ കോവിൽ ഭാഗത്തേക്കു പോകേണ്ടവർക്കും ഏറെ ആശ്വാസമാണിത്.