ന്യൂഡൽഹി :- ഈ വർഷത്തെ മെഡിക്കൽ പി ജി പ്രവേശന പരീക്ഷ (നീറ്റ്-പിജി) ജൂൺ 15നു നടക്കും. റജിസ്ട്രേഷൻ നടപടികൾ വൈകാതെ ആരംഭിക്കുമെന്നു ദേശീയ പരീക്ഷാ ബോർഡ് (എൻബിഇഎംഎസ്) വ്യക്തമാക്കി. പരീക്ഷ 2 ഷിഫ്റ്റുകളിൽ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ 12.30 വരെയും ഉച്ചതിരിഞ്ഞു 3.30 മുതൽ 7 വരെയുമായി 2 ഷിഫ്റ്റുകളിൽ പരീക്ഷ നടത്തുമെന്നാണു നിലവിലെ വിവരം.
എന്നാൽ, കഴിഞ്ഞ വർഷം 2 ഷിഫ്റ്റുകളിൽ പരീക്ഷ നടത്തിയപ്പോഴുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ പരീക്ഷ നടത്തേണ്ടി വരുമ്പോൾ ഫലപ്രഖ്യാപനത്തിനു നോർമലൈസേഷൻ രീതി നടപ്പാക്കേണ്ടി വരുമെന്നും ഇതു ഫലത്തിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്നും വിദ്യാർഥികൾ പറയുന്നു. കഴിഞ്ഞ വർഷം വിഷയം സുപ്രീംകോടതി വരെ എത്തിയിരുന്നു.