കാലിഫോര്‍ണിയ :- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ആകാംക്ഷ നിറയുന്ന ലാന്‍ഡിംഗ്. ക്രൂ-9 ബഹിരാകാശ ദൗത്യസംഘാംഗങ്ങളായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്‍റെ ഫ്രീഡം ഡ്രാഗണ്‍ പേടകം നാളെ പുലര്‍ച്ചെ കടലില്‍ സുരക്ഷിതമായി ഇറങ്ങും. നീണ്ട 9 മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി സുനിതയും ബുച്ചും ഭൂമിയില്‍ തിരിച്ചെത്തുന്ന സന്തോഷക്കാഴ്ച്ച എങ്ങനെ തത്സമയം കാണാമെന്ന് നോക്കാം.
നാളെ ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27നാണ് നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും നിക് ഹേഗിനെയും അലക്സാണ്ടർ ഗോർബനോവിനെയും വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂള്‍ സമുദ്രത്തിലിറങ്ങുക. അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും ഈ സുരക്ഷിത ലാന്‍ഡിംഗ് നടക്കുക. ഇതിന് ശേഷം സ്‌പേസ് എക്സുമായി ചേര്‍ന്ന് നാസ ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് കരയിലെത്തിക്കും. കാലാവസ്ഥ അനുസരിച്ച് ലാന്‍ഡിംഗ് സമയത്തില്‍ നേരിയ മാറ്റം വന്നേക്കാം.
ക്രൂ-9 ലാന്‍ഡിംഗ് തത്സമയം കാണാന്‍
ക്രൂ-9 സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ നാസ തത്സമയം ലോകത്തെ കാണിക്കും. പുലര്‍ച്ചെ 2.15 മുതല്‍ നാസ+, നാസ യൂട്യൂബ് ചാനല്‍, നാസയുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെയും എക്സ് അക്കൗണ്ട് എന്നിവ വഴി ക്രൂ-9 സംഘത്തിന്‍റെ ലാന്‍ഡിംഗ് തത്സമയം കാണാം. പുലര്‍ച്ചെ 2.15-ഓടെയാണ് ഫ്രീഡം ഡ്രാഗണ്‍ പേടകത്തിന്‍റെ ഡീഓര്‍ബിറ്റ് ബേണ്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതേസമയം തത്സമയ സ്ട്രീമിങ് നാസ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ആരംഭിക്കും. നാല് യാത്രികരെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം 3.27ന് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യും.