എയ്‌ഡഡ് സ്കൂളുകളിലെ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സർവീസിൽ നിന്ന് ഒഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം :- എയ്‌ഡഡ് സ്കൂളുകളിൽ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സർവീസിൽ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മുന്നറിയിപ്പ്. കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച സ്കൂൾ മാനേജർമാരെ അയോഗ്യരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.

2019-20 മുതൽ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂവെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒട്ടേറെ എയ്‌ഡഡ് മാനേജ്‌മെൻറുകൾ ഇതു ലംഘിച്ച് അധ്യാപകനിയമനം നടത്തിയതായി കണ്ടെത്തി. കെ-ടെറ്റ് ഉള്ളവർക്കു മാത്രമേ സ്ഥാനക്കയറ്റം നൽകാവൂവെന്നും നിർദേശിച്ചിരുന്നു. ഇതുപാലിക്കാത്ത എയ്‌ഡഡ് സ്കൂളുകളിൽ ഇതിനകം സ്ഥാനക്കയറ്റം നൽകിയവർക്ക്, അവർ കെ -ടെറ്റ് പാസായ തീയതിമുതൽ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിർദേശം. ചട്ടവിരുദ്ധമായും സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന മാനേജർമാരെ അയോഗ്യരാക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ നടപടി സ്വീകരിക്കണം -ഡയറക്ടർ നിർദേശിച്ചു.

കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾ 2011 നിലവിൽ വന്നതുമുതൽ അഞ്ചുവർഷമായിരുന്നു കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, എയ്‌ഡഡ് സ്കൂളുകളിൽ 2012 ജൂൺ ഒന്നു മുതൽ 2019-20 അധ്യയനവർ ഷംവരെ നിയമിതരായ അധ്യാപകരിൽ കെ-ടെറ്റ് ഇല്ലാത്തവർക്ക് അത് നേടാൻ 2020-21 അധ്യയനവർഷംവരെ സമയം നൽകിയിരുന്നു. തുടർന്നും മതിയായ യോഗ്യത നേടാത്തവർക്ക് അവസാന അവസരം എന്ന നിലയിൽ പ്രത്യേക പരീക്ഷ നടത്തി. ഇങ്ങനെ, കെ -ടെറ്റ് നേടാൻ അധ്യാപകർക്ക് പത്തിൽ കുറയാത്ത അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

എന്നിട്ടും നിയമാനുസൃതമല്ലാത്ത അധ്യാപകനിയമനം നടക്കുന്നതിനാലാണ് മാനേജ്‌മെൻറുകൾക്കുള്ള മുന്നറിയിപ്പ്. കെ-ടെറ്റ് ഇല്ലാത്തവരെ സ്കൂളിൽ നിയമിക്കുന്നു. നിയമനം റദ്ദാവുമ്പോൾ കെ-ടെറ്റ് പാസായശേഷമുള്ള തീയതി മുതൽ പുതുക്കിയ പ്രൊപ്പോസൽ സമർപ്പിച്ച് അംഗീകാരം നേടുന്നതും പതിവായി. യോഗ്യതയുള്ള അധ്യാപകരാൽ പഠിപ്പിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നതായും ഡയറക്ടർ നിരീക്ഷിച്ചു. അതിനാൽ, കെ-ടെറ്റ് ഇല്ലാത്തവരെ ഉടൻ സർവീസിൽ നിന്നൊഴിവാക്കാനാണ് നിർദേശം. ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റവും റദ്ദാക്കും.

Previous Post Next Post