കണ്ണൂർ :- ഗ്രാമപ്രദേശമെന്നോ നഗരമെന്നോ ഭേദമില്ലാതെ കണ്ണൂരിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. കണ്ണൂർ നഗരം കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷൻ പരിസരം, സിറ്റി, ആയിക്കര, പയ്യാമ്പലം ബീച്ച്, താവക്കര, താവക്കരയിൽ നിന്ന് ജില്ലാ ആസ്പത്രി ഭാഗത്തേക്ക് പോകുന്നവഴി, താഴെചൊവ്വ, ടൗൺ ഹയർ സെക്കൻഡറി സ്കൂൾ-പയ്യാമ്പലം റോഡ് എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ സ്ഥിരം സാന്നിധ്യമുണ്ട്. നഗരപ്രാന്തങ്ങളിലും സ്ഥിതി സമാനമാണ്. മണൽ-പള്ളിയാംമൂല റൂട്ടിലെ വിവിധ സ്ഥലങ്ങൾ നായ്ക്കളുടെ 'ഭരണ'ത്തിലാണ്.
കഴിഞ്ഞദിവസം അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ 38 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പൊതുവാച്ചേരി, ഇരിവേരി, ഇരിവേരികാവ് പരിസരം, ആർ.വി മെട്ട, പാനേരിച്ചാൽ, ചാപ്പ,ബിവറേജസ് പരിസരം, സോനാ റോഡ്, മുഴപ്പാല, പള്ളിച്ചാൽ, പുതുക്കുടിച്ചാൽ, ആനേനിമെട്ട തുടങ്ങിയ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന വലിയൊരു മേഖലയിലാണ് നായയുടെ ആക്രമണം നടന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 20 പേർക്ക് തെരുവു നായയുടെ കടിയേൽക്കാനിടയായതും സമീപകാലത്താണ്.
അലവിലിൽനിന്ന് റെയിൽവേ ഭാഗത്തേക്ക് പോകുന്ന റോഡ്, പയ്യാമ്പലം -മീൻകുന്ന് ബീച്ച് റോഡ്, കൊയിലി ആസ്പത്രി പരിസരത്തുനിന്ന് പന്നേൻപാറ ഭാഗത്തേക്ക് പോകുന്ന വഴി, മുഴപ്പിലങ്ങാട് യൂത്ത് പരിസരം, ബൈപ്പാസിന് അടിഭാഗം, കക്കാട് പുഴയോരം എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ സ്ഥിരം സാന്നിധ്യമുണ്ട്.
ഭക്ഷണമാലിന്യം, ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെ ജൈവമാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് തെരുവുനായശല്യം വർധിക്കാൻ പ്രധാന കാരണം. ഭക്ഷണവും വെള്ളവും തേടി ഹോട്ടലുകൾക്കും തട്ടുകടകൾക്കും സമീപത്തെത്തുന്ന നായ്ക്കൾ പിന്നീട് അവിടം കേന്ദ്രീകരിക്കുകയാണ്. ജൈവമാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കണം.