മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിക്കും മുൻപേ റേഷൻ വിഹിതം ഒഴിവാക്കിയതായി പരാതി


കണ്ണൂർ :- മുൻഗണനാ റേഷൻകാർഡുകളുടെ മസ്റ്ററിങ് നടത്താൻ 31 വരെ സമയമുണ്ടെങ്കിലും മസ്‌റ്ററിങ് നടത്തിയില്ലെന്ന പേരിൽ കിടപ്പുരോഗികളുടെയും കുട്ടികളുടെയും റേഷൻ വിഹിതം ഒഴിവാക്കിയതായി പരാതി. ഈ മാസം റേഷൻകടകളിൽ ധാന്യങ്ങൾ വാങ്ങാനെത്തിയപ്പോഴാണു മസ്‌റ്ററിങ് നടത്താത്തവരുടെ വിഹിതം ഒഴിവാക്കിയതായി കണ്ടെത്തിയത്. മസ്‌റ്റ‌റിങ്ങിനുള്ള കാലാവധിയെത്തുന്നതിനു മുൻപു മസ്‌റ്ററിങ് നടത്താത്തവരുടെ ധാന്യവിഹിതം ഒഴിവാക്കിയതിൽ ഉപഭോക്ത‌ാക്കൾ ആശങ്കയിലാണ്. കഴിഞ്ഞ വർഷമാണു റേഷൻ കടകൾ വഴി മുൻഗണനാ കാർഡുകളുടെ മസ്‌റ്ററിങ് തുടങ്ങിയത്. കിടപ്പുരോഗികളുടെ മസ്‌റ്ററിങ് വീടുകളിലെത്തി നടത്തണമെന്നും നിർദേശമുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാൽ കുട്ടികളുടെ മസ്‌റ്ററിങ് കാര്യക്ഷമമായില്ല. 

സെർവർ തകരാർ വന്നതോടെ മസ്‌റ്ററിങ് നിർത്തുകയായിരുന്നു. കാലാവധി എത്തുംമുൻപു മസ്‌റ്ററിങ് നടത്താത്ത കിടപ്പുരോഗികളുടെയും കുട്ടികളുടെയും വിവരങ്ങൾ ഇപോസിൽനിന്ന് ഒഴിവാക്കിയതു സ്വന്തം താലൂക്കുകളിലെ മസ്റ്ററിങ് ശതമാനം വർധിപ്പിക്കാനുള്ള അധികൃതരുടെ ശ്രമമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇവരെ ഒഴിവാക്കിയത് സംസ്ഥാനത്തെ സ്‌ഥിര താമസക്കാരല്ലെന്ന വിഭാഗത്തിൽപ്പെടുത്തിയാണെന്നും ആരോപണമുണ്ട്. അതേ സമയം, മസ്റ്ററിങ് നടത്താൻ ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നിട്ടും സഹകരിക്കാതെ മാറി നിന്നവരെയാണു കാർഡിൽനിന്ന് ഒഴിവാക്കുന്നതെന്ന് അധികൃതർ പറയുന്നു. റേഷൻ കാർഡിൽ പേരുണ്ടാകുമെങ്കിലും മസ്‌റ്ററിങ് ചെയ്യാത്തവരുടെ ഭക്ഷ്യവിഹിതം റദ്ദാക്കുമെന്നു കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു.

Previous Post Next Post