തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം: സ്വകാര്യ കുടിവെള്ള വിതരണക്കാരന് നഗരസഭയുടെ കുടിവെള്ള വിതരണ കരാർ വീണ്ടും, കലക്ടർ റിപ്പോർട്ട് തേടി

 



തളിപ്പറമ്പ്:-തളിപ്പറമ്പ് മേഖലയിലെ മഞ്ഞപ്പിത്ത വ്യാപനത്തിന് ഇടയാക്കിയതായി വിലയിരുത്തുന്ന സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കുടിവെള്ള വിതരണ കരാർ നൽകിയ സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഏറ്റവും കുറഞ്ഞ ടെൻഡർ സമർപ്പിച്ച വ്യക്തി ആയിരുന്നുവെങ്കിൽ പോലും ഈ സ്വകാര്യ കുടിവെള്ള വിതരണ ഏജൻസിയിൽനിന്ന് നേരത്തെ മഞ്ഞപ്പിത്ത രോഗം വ്യാപകമായി ബാധിച്ച സാഹചര്യത്തിൽ അവരെ കുടിവെള്ള വിതരണത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പകരം നഗരസഭ വീണ്ടും കരാർ നൽകിയത് ഗുരുതര വീഴ്ചയാണെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മഴക്കാല മുന്നൊരുക്ക യോഗം വിലയിരുത്തി.

സ്വകാര്യ കുടിവെള്ള വിതരണ ശൃംഖലയിൽ നിന്നും വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് പ്രദേശത്ത് മഞ്ഞപ്പിത്ത ബാധ ഉണ്ടായതെന്നും പ്രസ്തുത സ്വകാര്യ കുടിവെള്ള വിതരണം നിർത്തലാക്കിയ ശേഷം മഞ്ഞപ്പിത്തം പ്രദേശത്ത് കുറഞ്ഞതായും ഡിഎംഒ റിപ്പോർട്ട് ചെയ്തു. നിലവിൽ നിർമ്മാണ മേഖലയിലും കുടിവെള്ളമേഖലയിലും ഒരുപോലെ വെള്ളം വിതരണം ചെയ്യുന്ന ഈ സ്വകാര്യ വിതരണക്കാരനെ കുടിവെള്ള വിതരണത്തിന്റെ കാര്യത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിർമ്മാണ മേഖലയിലേക്ക് മാത്രമായി മാറ്റിനിർത്തേണ്ടതായിരുന്നുവെന്ന് യോഗം വിലയിരുത്തി.

2025 മാർച്ച് 15ന് ഈ സ്വകാര്യ കുടിവെള്ള വിതരണ കരാറുകാരനിൽനിന്നും ശേഖരിച്ച വെള്ളത്തിൽ വീണ്ടും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് വിസർജ്യം കലർന്ന വെള്ളം പ്രദേശത്ത് വിതരണം ചെയ്യുന്നതിനും അതുവഴി വീണ്ടും മഞ്ഞപ്പിത്ത രോഗബാധയ്ക്കും ഇടയാക്കും.

നിലവിൽ പ്രദേശത്ത് വിതരണം ചെയ്യുന്ന ഈ സ്വകാര്യ കുടിവെള്ള വിതരണ ഏജൻസിയിൽ വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിച്ചിട്ടില്ല. നിലവിലെ നിയമം പ്രകാരം കുടിവെള്ള വിതർണക്കാർക്ക് ജി പി എസ് സംവിധാനം നിർബന്ധം ആണ്. നിർമ്മാണ മേഖലയിലും കുടിവെള്ള മേഖലയിലും ഒരുപോലെ വെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ കുടിവെള്ള വിതരണക്കാർ കുടിവെള്ളത്തിന് മാത്രമായി എത്തിക്കുന്ന ടാങ്കറിന്റെ പുറത്ത് കുടിവെള്ളം എന്ന് രേഖപ്പെടുത്തിയിട്ടുമില്ലെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.

Previous Post Next Post