കൂട്ടുകാരന് വീടൊരുക്കാൻ പണക്കുടുക്ക നൽകി ചേലേരി എ.യു.പി സ്കൂൾ വിദ്യാർത്ഥി ശ്രീ വിഷ്ണു


ചേലേരി :- കൂട്ടുകാരന് വീടൊരുക്കാൻ വർഷങ്ങളായി സൂക്ഷിച്ച പണക്കുടുക്ക പൊട്ടിച്ച് ഒന്നാം ക്ലാസുകാരൻ. ചേലേരി എ.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി നാറാത്ത് ഓണപ്പറമ്പ് സ്വദേശി ശ്രീ വിഷ്ണുവാണ് തന്റെ പണക്കുടുക്കയിലെ പണം മുഴുവൻ സ്നേഹ ഭവനത്തിനായി കൈമാറിയത്. ഭാരത് സ്കൗട്ട് & ഗൈഡിൻ്റെ തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കുറ്റ്യാട്ടൂരിലുള്ള വിദ്യാർത്ഥിയുടെ കുടുംബത്തിന് നിർമിക്കുന്ന സ്നേഹഭവനത്തിനായുള്ള ഫണ്ടിലേക്കാണ് ശ്രീ വിഷ്ണു തന്റെ പണകുടുക്കയിലെ പണം മുഴുവൻ നൽകിയത്. 

വിദ്യാർത്ഥികളിൽ നിന്നുള്ള ഫണ്ട് സ്വീകരിക്കുന്നതിനുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കുട്ടികൾക്ക് നൽകിയിരുന്നു. ഈ വിവരം തന്റെ മാതാപിതാക്കളായ ഷിജുവിനോടും ദൃശ്യയോടും പങ്ക് വെച്ച്‌ പണകുടുക്കയിലെ പണം സ്കൂളിലെത്തി അദ്ധ്യാപകർക്ക് സ്വമേധയാ കൈ മാറുകയായിരുന്നു. ഡ്രൈവറായ അച്ഛനും മറ്റും നൽകിയ നാണയത്തുട്ടുകൾ പേര് പോലും അറിയാത്ത തന്റെ കൂട്ടുകാരന് കൂടൊരുക്കാൻ കൈ മാറിയപ്പോൾ ശ്രീ വിഷ്ണു സ്നേഹത്തിന്റെ പുതു മാതൃക തീർക്കുകയായിരുന്നു. പ്രധാനധ്യാപിക എ.അജിത ടീച്ചർ, സ്റ്റാഫ്‌ സെക്രട്ടറിയും ഗൈഡ് ക്യാപ്‌റ്റനുമായ കെ.സുധാ ദേവി ടീച്ചർ എന്നിവർ പണം ഏറ്റുവാങ്ങി.

Previous Post Next Post