തിരുവനന്തപുരം :- സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 305 അധ്യാപകർക്ക് പൊതു പരീക്ഷയ്ക്കിടെ സ്ഥലംമാറ്റം. കഴിഞ്ഞ വർഷത്തെ തസ്‌തിക നിർണയത്തിൽ അധികമായ 207 അധ്യാപകരെയും അവർക്ക് ഒഴിവുകൾ സൃഷ്‌ടിക്കാനായി 98 പേരെയുമാണു മാറ്റിയത്. ഉടൻ പുതിയ സ്‌കൂളിൽ ചേരണമെന്നു ചൂണ്ടിക്കാട്ടി ഇന്നലെ വൈകിട്ടാണ് ഉത്തരവിറങ്ങിയത്. പരീക്ഷാ ഡ്യൂട്ടിയുള്ളവർ പുതിയ സ്കൂളിൽ ചേർന്നശേഷം തിരികെ പരീക്ഷാ ഡ്യൂട്ടിയുള്ള സ്‌കൂളിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
തസ്തിക നഷ്ടത്തെത്തുടർന്നു സ്‌ഥലം മാറ്റിയതിൽ 135 സീനിയർ അധ്യാപകരും 72 ജൂനിയർ അധ്യാപകരുമുണ്ട്. ഇതിൽ 102 പേരെ ജില്ലയ്ക്കു പുറത്തേക്കാണു മാറ്റിയിരിക്കുന്നത്. മലയാളം (38), ഇംഗ്ലിഷ് (28), കൊമേഴ്സ് - (26), ഇക്കണോമിക്സ‌് (25), ഹിന്ദി - (24) എന്നീ വിഷയങ്ങളിലാണ് കൂടുതൽ പേരെ മാറ്റിയിരിക്കുന്നത്. ഈ അധ്യയന വർഷത്തെ തസ്‌തിക നിർണയ നടപടികൾ പൂർത്തിയായെങ്കിലും അതിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അതാണ് ഇക്കൊല്ലം പരിഗണിക്കേണ്ടതെന്നിരിക്കെയാണ് കഴി ഞ്ഞ കൊല്ലത്തെ തസ്തികനിർണയപ്രകാരം സമയംതെറ്റി സ്ഥലംമാറ്റം നടപ്പാക്കിയിരിക്കുന്നത്.