തിരുവനന്തപുരം :- ഓട്ടോറിക്ഷകളിലെ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്ര സൗജന്യമാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. യാത്രാവേളയിൽ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് ഓട്ടോറിക്ഷയിൽ യാത്രക്കാർ കാണുന്ന വിധത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്നായിരുന്നു ഗതാഗത കമ്മിഷണർ പുറത്തിറക്കിയ സർക്കുലർ.
ടൂറിസ്റ്റുകൾക്കു വേണ്ടി ഇംഗ്ലിഷിലും എഴുതണമെന്ന് നിർദേശിച്ചിരുന്നു. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റേതായിരുന്നു നിർദേശം. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ടെസ്റ്റിന് ഇത് കർശന വ്യവസ്ഥയുമാക്കിയിരുന്നു. ഇതിനെതിരെ ഓട്ടോ തൊഴിലാളി യൂണിയനുകൾ സംയുക്തമായി പ്രതിഷേധിച്ചു. തീരുമാനം ബഹിഷ്കരിക്കാനും തീരുമാനിച്ചിരുന്നു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, യുടിയുസി, എസ്ടിയു, എച്ച്എം എസ് എന്നീ തൊഴിലാളി സംഘടനകൾ 18നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. തീരുമാനം സർക്കാർ പിൻവലിച്ചതോടെ സമരത്തിൽ നിന്നു യൂണിയനുകൾ പിന്മാറി.
ദുബായ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് വിജയകരമായി നടപ്പാക്കിയ ഈ രീതി കേരളത്തിലും നടപ്പാക്കണമെന്നഭ്യർഥിച്ച് എറണാകുളം സ്വദേശി കെ.പി മത്യാസ് ഫ്രാൻസിസ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ട്രാൻസ്പോർട്ട് അതോറിറ്റി ഈ നിർദേശം വെച്ചതെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.