ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധനാ മാർഗമില്ല ; പ്രതിസന്ധിയിലായി പോലീസ്


തിരുവനന്തപുരം :- ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധനാ മാർഗം ഇല്ലാത്തതു പൊലീസിനു പ്രതിസന്ധിയാകുന്നു. പിടികൂടുന്ന ലഹരി ഏത് ഇനത്തിൽ പെട്ടതാണെന്നു രാസപരിശോധനയിലൂടെ കണ്ടെത്താനുള്ളതാണ് പൊലീസിന്റെ പക്കലുള്ള ലഹരി പരിശോധനാ കിറ്റ്. കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോ നൽകിയ കിറ്റ് 20 പൊലീസ് ജില്ലകളിലുമുണ്ട്. എന്നാൽ, ചില ലഹരിപദാർഥങ്ങൾ കണ്ടെത്താൻ ഈ കിറ്റിനു കഴിയില്ല. ഒരാൾ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ഫലപ്രദമായ മാർഗമില്ല.

എന്നാൽ, 2 മാസം മുൻപ് തിരുവനന്തപുരത്ത് സ്‌മാർട്‌സിറ്റി പദ്ധതിയുടെ ഭാഗമായി പൊലീസിനു കൈമാറിയ ഡ്രഗ് ഡിറ്റക്ഷൻ ഉപകരണം സേനയ്ക്കു പ്രതീക്ഷ നൽകുന്നുണ്ട്. ലഹരി ഉപയോഗം കണ്ടെത്താനാകുന്ന ഈ ഉപകരണത്തിന് 15 ലക്ഷം രൂപയാണു ചെലവ്. ഉമിനീർ പരിശോധിക്കുന്ന 1000 കിറ്റ് കൂടി ഉൾപ്പെടുമ്പോൾ 25 ലക്ഷമാകും. വോക്കിടോക്കിയുടെ വലുപ്പമുള്ള ഈ ഉപകരണത്തിലെ ട്യൂബ് ഉപയോഗിച്ച് നാവിൽ നിന്ന് ഉമിനീർ എടുത്താൽ അപ്പോൾത്തന്നെ ലഹരി ഏതു ഗണത്തിൽപെട്ടതാണെന്ന് അറിയാം. ഉപകരണം ഏറെ പ്രയോജനപ്രദമാണെങ്കിലും ഉയർന്ന വില കാരണം സർക്കാർ പിന്നോട്ടു വലിഞ്ഞു. 20 പൊലീസ് ജില്ലകളിലും ഈ ഉപകരണം ഓരോന്നു വാങ്ങണമെന്ന ശുപാർശ പൊലീസ് ആസ്ഥാനത്തു നിന്നു സർക്കാരിനു നൽകിയെങ്കിലും തീരുമാനമായിട്ടില്ല.

Previous Post Next Post