ഗുരുവായൂർ :- ഗുരുവായൂർ ദേവസ്വത്തിൻ്റെ മേൽപ്പുത്തൂർ ഓഡിറ്റോറിയം, ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓൺലൈനാകുന്നു. ഇനി മണിക്കൂറുകൾ വരിനിൽക്കേണ്ടാ. ദേവസ്വം കമ്മിഷണറുടെ നിർദേശപ്രകാരമാണ് ഭരണസമിതി യോഗം ഇക്കാര്യം തീരുമാനിച്ചത്.
മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന് 5,000 രൂപയും ജി.എസ്.ടിയും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന് 3,500 രൂപയും ജി.എസ്.ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസംമുമ്പ് മാത്രമേ ബുക്കിങ് എടുക്കുകയുള്ളൂ. ഒന്നരമണിക്കൂറിൻ്റെ ഒരു സ്ലോട്ട് പ്രകാരം ഒരുദിവസം പത്ത് സ്ലോട്ടുകളാണുള്ളത്. ഇതിൽ ദേവസ്വം ഭരണസമിതിയംഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ ശുപാർശപ്രകാരം പ്രധാന സമയങ്ങളിലേക്കുള്ള ബുക്കിങ് നേരത്തേ നടന്നിട്ടുണ്ടാകും.
ബാക്കിയുള്ള സ്ലോട്ടുകൾക്കാണ് മത്സരം. ഒരു സ്ലോട്ടിനു കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് നൽകുക. രാവിലെ ആറര മുതലേ ആളുകൾ വരി നിന്നുതുടങ്ങും. ഈ പരമ്പരാഗതരീതി മാറ്റി ഓൺലൈൻ ആക്കണമെന്നു കുറേ നാളുകളായുള്ള ആവശ്യമായിരുന്നു. അവധിക്കാലമായതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഓഡിറ്റോറിയങ്ങൾക്കു കൂടുതൽ ആവശ്യക്കാരുള്ളത്. മണിക്കൂറുകൾ വരിനിന്നിട്ടും മേൽപ്പുത്തൂർ ഓഡിറ്റോറിയം കിട്ടാത്തതിന്റെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കാലടി ശ്രീശങ്കരാചാര്യ സ്കൂൾ ഓഫ് ഡാൻസ് പ്രമോട്ടർ വി.വി പീതാംബരൻ ദേവസ്വം മന്ത്രി വി.എൻ വാസവന് നിവേദനം നൽകിയിരുന്നു.