കണ്ണൂർ :- സംസ്ഥാനത്തെ വിദ്യാലയങ്ങൾ മധ്യവേനലവധിക്കായി ശനിയായാഴ്ച അടയ്ക്കും. എസ്എസ്എൽസി പരീക്ഷ 26-നും ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ലാസുകളുടെ പരീക്ഷ 27-നും പൂർത്തിയായി. പ്ലസ് ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയുടെ അവശേഷിക്കുന്ന പരീക്ഷ ശനിയാഴ്ച നടക്കും. പതിവിനു വിപരീതമായി വലിയ മുന്നൊരുക്കത്തോടെയാണ് അവസാന പ്രവൃത്തി ദിവസം വിദ്യാലയങ്ങളിൽ കടന്നുപോകുന്നത്. നാല് നിർദേശങ്ങളടങ്ങിയ സർക്കുലർ തന്നെ 25-ന് സർക്കാർ പുറത്തിറക്കി. ഇതിൽ അവസാന ദിവസം സ്കൂളിൽ ആഘോഷങ്ങൾ നടത്തരുതെന്ന നിർദേശമാണ് പ്രധാനപ്പെട്ടത്.
സ്കൂൾ പൂട്ടും മുന്നേ അടുത്ത അധ്യയന വർഷത്തേക്കുള്ള കുട്ടികളെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ അവസാന നാളുകളിൽ നടന്നു. പല വിദ്യാലയങ്ങളും കുട്ടികളെ ചേർത്ത് അഡ്മിഷൻ നടപടികളും ആരംഭിച്ചു. മറ്റ് വിദ്യാലയങ്ങളിലേക്ക് കുട്ടികൾ പോകില്ലെന്ന് ഉറപ്പുവരുത്താനാണിത്. എസ്എസ്കെ മുൻകൈയെടുത്ത് വിദ്യാലയങ്ങളുടെ മികവുത്സവങ്ങളും നടത്തി.എയ്ഡഡ് മേഖലയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. സാമ്പത്തിക പിന്തുണയുള്ള വിദ്യാലയങ്ങൾ അഞ്ച് പഞ്ചായത്തുകൾ ഉൾപ്പെടുന്ന സ്ഥലങ്ങളിലേക്ക് വരെ സ്കൂൾ ബസ് സൗകര്യം ഒരുക്കിയാണ് കുട്ടികളെ എത്തിക്കുന്നത്. നിരവധി വിദ്യാലയങ്ങളുടെ മുന്നിലൂടെയാണ് ഈ ബസുകൾ കടന്നുപോകുന്നതെന്ന് മറ്റു വിദ്യാലയങ്ങളുടെ പിടിഎ കമ്മിറ്റികൾ ആരോപിക്കുന്നു.
എന്നാൽ വാഹന സൗകര്യങ്ങളില്ലാത്ത സർക്കാർ വിദ്യാലയമുൾപ്പെടെ കടുത്ത പ്രതിസന്ധിയിലാണ്. നടുവിൽ പഞ്ചാ യത്തിൽ മാത്രം മൂന്ന് വിദ്യാലയങ്ങളിൽ പത്തിൽ താഴെ കുട്ടികളാണുള്ളത്. ചില ക്ലാസുകളിൽ ഒരു കുട്ടി പോലും പഠിക്കാനില്ലാത്ത സ്ഥിതിയുമുണ്ട്. ആകെയുള്ള പതിനാറ് വിദ്യാലയങ്ങളിൽ ഏഴെണ്ണം അൺ ഇക്കണോമിക്കാണ്.