കണ്ണൂര്‍ :- ബിസിനസില്‍ ഓഹരി പങ്കാളിയാക്കാമെന്നു പറഞ്ഞ് ദമ്പതികളില്‍നിന്ന് വന്‍തുക കൈക്കലാക്കിയ ശേഷം വഞ്ചിച്ചെന്ന പരാതിയിൽ പ്രതികൾക്കെതിരേ കണ്ണൂർ ടൗൺ പോലിസ് FIR രജിസ്റ്റർ ചെയ്തു. കൂത്തുപറമ്പ് വലിയവെളിച്ചത്തെ കെഎസ്‌ഐഡി ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍-ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ നിര്‍മാണ-വിതരണ കമ്പനിയായ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സിന്റെ പാര്‍ട്ണര്‍മാരായ കെ ജെ തോമസ്, മധുസൂദനന്‍, സുരേഷ്, ജിഷ്ണു, ഷാജന്‍, ഏയ്ഞ്ചല്‍ മാത്യു സജി എന്നിവര്‍ക്കെതിരേ കണ്ണൂര്‍ പള്ളിക്കുന്ന് എടച്ചേരി റോഡ് തടത്തില്‍ വീട്ടില്‍ കപില്‍ നമ്പ്യാർ അഡ്വ. മുഹമ്മദ് രിഫായി എം പി പാമ്പുരുത്തി മുഖേന കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) മുഹമ്മദ് അലി ഷഹ്സാദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 50,000 രൂപ ലാഭവിഹിതം നല്‍കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു പ്രതികള്‍ 2022 ഡിസംബറില്‍ പരാതിക്കാരനെയും ഭാര്യയേയും സമീപിച്ചത്. സമൂഹത്തിലെ പല ഉന്നതര്‍ക്കും നമ്മുടെ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും ഓഹരിത്തുക പിന്‍വലിക്കാമെന്നും പ്രതികള്‍ പറഞ്ഞുവിശ്വസിപ്പിച്ചതായി പരാതിയില്‍ പറയുന്നു. നിരന്തര പ്രേരണയെ തുടര്‍ന്ന് കപില്‍ നമ്പ്യാരുടെ ഭാര്യ എം ദിവ്യയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അഡ്മിഷന്‍ പ്രൊസസിങ് ചാര്‍ജ് ഉള്‍പ്പെടെ അഞ്ചുലക്ഷത്തി ആയിരം രൂപ പ്രതികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. കൂടാതെ, അറുപത്തി അയ്യായിരം രൂപ ശമ്പളവാഗ്ദാനത്തില്‍ കപില്‍ നമ്പ്യാര്‍ 2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് കമ്പനിയുടെ ഓപറേഷന്‍ മാനേജറായി ജോലിചെയ്തിരുന്നു. ഈ കാലയളവിലൊന്നും ശമ്പളമോ ലാഭവിഹിതമോ നല്‍കിയില്ല. വഞ്ചിക്കപ്പെട്ടെന്നു ബോധ്യമായതോടെ നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
നിരന്തരം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ഇരുപത്തി രണ്ടായിരം രൂപ മാത്രമാണു നല്‍കിയത്. പുതിയ യന്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന എസ്ബിഐയുടെ കണ്ണൂര്‍ ബ്രാഞ്ചില്‍നിന്ന് പ്രതികള്‍ വന്‍തുക ലോണ്‍ എടുത്തിരുന്നെങ്കിലും സിലിണ്ടര്‍ ഉള്‍പ്പെടെ സ്‌ക്രാപ് മെഷീനുകളാണ് വാങ്ങിക്കൂട്ടിയതെന്ന് കപില്‍ നമ്പ്യാര്‍ പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്പനിയുടെ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി തനിക്ക് ശമ്പളമോ ലാഭവിഹിതമോ നല്‍കില്ലെന്നും പ്രതികള്‍ പറഞ്ഞത്രെ. ഇതിനെതിരേ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലും കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് നീതി തേടി കപില്‍ നമ്പ്യാര്‍ കോടതിയെ സമീപിച്ചത്.