തിരുവനന്തപുരം :- അങ്കണവാടികളിൽ നിന്ന് ഇനി പോഷകാഹാരം ലഭിക്കണമെങ്കിൽ വാങ്ങുന്നവരുടെ ഫോട്ടോയുമെടുക്കണം. അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾ ഗുണഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇവയുടെ കൃത്യമായ കണക്ക് കിട്ടുന്നതിനുമാണ് നടപടി. പല അങ്കണവാടികളിലും വിതരണം ചെയ്യുന്ന പോഷകാഹാരം യഥാർഥ ഗുണഭോക്താവിലേക്കെത്തുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് വനിതാ-ശിശു വികസന വകുപ്പ് നടപടി കർശനമാക്കുന്നത്.
പോഷകാഹാര വിതരണം കാര്യക്ഷമമാക്കുന്നതിനായി മൂന്നുവർഷം മുൻപ് 'പോഷൺ ട്രാക്കർ' എന്ന ആപ്പ് രൂപവത്കരിച്ച് ഗുണഭോക്താക്കളുടെ ആധാർ ഇതുമായി ബന്ധിപ്പിച്ച് തുടങ്ങിയിരുന്നു. ഇതേ ആപ്പിൽത്തന്നെയാണ് ഫോട്ടോയെടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുള്ളത്. ഫോട്ടോയെടുപ്പിനൊപ്പം ഗുണഭോക്താക്കളുടെ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺനമ്പറിലേക്ക് ഒടിപിയും അയക്കും.
ഇതും ആപ്പിൽ നൽകിയാലെ നടപടി പൂർണമാവുകയുള്ളൂ. ആറുമാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ തുടങ്ങിയവർക്കാണ് പോഷകാഹാരം വീടുകളിലേക്ക് നൽകുന്നത്. അമൃതംപൊടി, റാഗി, ഗോതമ്പ്, ശർക്കര തുടങ്ങിയവയാണ് പ്രധാനമായും അങ്കണവാടി വഴി വിതരണം ചെയ്യുന്നത്.
മിക്കയിടങ്ങളിലും പോഷകാഹാരം വാങ്ങാനെത്തുന്നത് വീട്ടിലെ മറ്റംഗങ്ങളാണ്. ഗുണഭോക്താക്കളുടെ ഫോട്ടോയെടുക്കുന്നത് കർശനമാക്കുന്നതോടെ അമ്മമാർ നേരിട്ടെത്തണം. ഓൺലൈനിൽ ഇടയ്ക്കിടെയുണ്ടാകുന്ന തടസ്സങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു.