കാസർഗോഡ് :- രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തകർന്നടിഞ്ഞുകിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങൾ എൽഡിഎഫിനെ ഏൽപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് പ്രതിസന്ധികൾ കേരളം നേരിടേണ്ടിവന്നു. പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവെ നാടിനെ തകർച്ചയിലേക്ക് നയിക്കുന്ന വിധമായിരുന്നു. പക്ഷേ, തകരാതെ ഇവയെ അതിജീവിച്ചേ മതിയാകുമായിരുന്നുള്ളു എന്നും പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങൾ ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്മകമായ നിലപാടുകളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ലഭിക്കുന്ന സഹായം കേന്ദ്ര സർക്കാർ തടയുന്ന അവസ്ഥയുണ്ടായെന്നും പറഞ്ഞു.പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം 'നവകേരളത്തിൻ്റെ വിജയ മുദ്രകൾ' മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി "എന്റെ കേരളം" എന്ന പേരിൽ എല്ലാ ജില്ലകളിലും പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കുന്നുണ്ട്. തീം സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, സർവീസ് സ്റ്റാളുകൾ, കാർഷിക പ്രദർശന വിപണനമേള, ഭക്ഷ്യമേള, പി.ആർ.ഡി, കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, കൃഷി, സ്റ്റാർട്ടപ്പ് എന്നിവയുടെ പവലിയനുകളും പ്രദർശനമേളയുടെ ഭാഗമാകും. ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. കാസറഗോഡ് ജില്ലയിൽ കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെയാണ് മേള.
അന്തിമ തീയതിയായ പ്രദർശന വിപണന മേളകൾ
വയനാട് - ഏപ്രിൽ 22 മുതൽ 28 വരെ - എസ്.കെ.എം.ജെ സ്കൂൾ കൽപ്പറ്റ
ഇടുക്കി - ഏപ്രിൽ 29 മുതൽ മെയ് 5 വരെ - വാഴത്തോപ്പ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മൈതാനം
കോട്ടയം - ഏപ്രിൽ 25 മുതൽ മെയ് 1 വരെ - നാഗമ്പടം മൈതാനം
കോഴിക്കോട് - മെയ് 3 മുതൽ 12 വരെ - കോഴിക്കോട് ബീച്ച്
പാലക്കാട് - മെയ് 4 മുതൽ 10 വരെ - ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് സമീപം
ആലപ്പുഴ - മെയ് 6 മുതൽ 12 വരെ - ആലപ്പുഴ ബീച്ച്
മലപ്പുറം - മെയ് 7 മുതൽ 13 വരെ - കോട്ടക്കുന്ന്
കണ്ണൂർ - മെയ് 8 മുതൽ 14 വരെ - പോലീസ് മൈതാനം
കൊല്ലം - മെയ് 11 മുതൽ 17 വരെ - ആശ്രാമം മൈതാനം
എറണാകുളം - മെയ് 17 മുതൽ 23 വരെ - മറൈൻ ഡ്രൈവ് മൈതാനം
തിരുവനന്തപുരം - മെയ് 17 മുതൽ 23 വരെ - കനകക്കുന്ന്
തൃശ്ശൂർ - മെയ് 18 മുതൽ 24 വരെ - സ്വരാജ് മൈതാനം, വിദ്യാർത്ഥി കോർണർ
സമാപന സമ്മേളനം നടക്കുന്നത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്.