പുക പരിശോധിക്കാത്ത വാഹനങ്ങളുടെ എണ്ണം കൂടുന്നു ; മോട്ടോർ വാഹന വകുപ്പിന് കണക്കുകളില്ല


കണ്ണൂർ :- സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങൾ ഏറുന്നു. എന്നാൽ മോട്ടോർവാഹന വകുപ്പിന്റെ കൈയിൽ പുതിയ കണക്കില്ല. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ 2023-ൽ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്. അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് മോട്ടോർവാഹന വകുപ്പ് (എൻഫോഴ്സസ്മെന്റ്) നൽകിയ വിവരാവകാശ രേഖയിലാണ് ഈ മറുപടി. 2021-ൽ പിടിച്ച വാഹനങ്ങളുടെ ഇരട്ടിയിലധികമാണ് 2023-ൽ പിടിച്ച് കേസെടുത്തത്. 2022-ൽ 10,271 വാഹനങ്ങൾ പിടിച്ചു. പിടിച്ചവയിൽ ഭൂരിഭാഗവും പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്ത പഴയ വാഹനങ്ങളാണ്.

മൂന്നുവർഷങ്ങളിലായി (2021 മുതൽ 23 വരെ) കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വാഹനങ്ങൾ പിടിച്ചത്-10,126 കേസുകൾ. 2021ൽ കോഴിക്കോട്ട് 1328 കേസുകൾ രജിസ്റ്റർചെയ്തു. 2022-ൽ 2026 ആയിരുന്നു. 2023-ൽ ഇത് 6770 ആയി ഉയർന്നു. പാലക്കാട് 949-ൽ നിന്ന് 3049-ലെത്തി. കാസർകോട് 557-ൽ നിന്ന് 2200-ലേക്കും കുതിച്ചു. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാതെ പിടിച്ച പിഴസംഖ്യയുടെ വിവരവും വകുപ്പിൻ്റെ കൈയിലില്ല.

ബിഎസ് -ആറ്, ബിഎസ് -നാല് വാഹനങ്ങൾ ഒരുവർഷം കഴിഞ്ഞ് വർഷാവർഷം പിയു സിസി എടുക്കണം. അതിനു താഴെയുള്ളവയ്ക്ക് (മലിനീകരണ നിയന്ത്രണ തോത് കൂടുതലുള്ള) ആറുമാസം കൂടുമ്പോൾ പുതുക്കണം. വാഹനം ഓടിക്കുമ്പോൾ നിർബന്ധമായും സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ ഏഴുദിവസത്തിനകം സർട്ടിഫിക്കറ്റ് എടുത്ത് നൽകണം. ഇല്ലെങ്കിൽ പിഴ നടപടിയുണ്ടാകും.

Previous Post Next Post