തൊഴിലില്ല ! കേരളത്തിൽ തൊഴിലില്ലായ്മ ഉയർന്ന തോതിൽ തുടരുന്നു


തിരുവനന്തപുരം :- കേരളത്തിലെ തൊഴിലില്ലായ്മ ഉയർന്ന തോതിൽ തുടരുന്നു. കേന്ദ്രസ്ഥിതിവിവര മന്ത്രാലയത്തിൻ്റെ ഏറ്റവും ഒടുവിലത്തെ തൊഴിൽസേന സർവേപ്രകാരം കേരളനഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനം. സ്ത്രീകളിൽ ഇത് 12.6 ശതമാനവും പുരുഷൻമാരിൽ 6.5 ശതമാനവുമാണ്. 2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേഫലമാണിത്. കഴിഞ്ഞവർഷം ഇതേ കാലത്തെ 10.3 ശതമാനത്തിൽ നിന്ന് തൊഴിലില്ലായ്മ കാര്യമായി താഴ്ന്നുവെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലാത്തവരുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു. തൊഴിലില്ലായ്മയിൽ അഞ്ചാംസ്ഥാനത്താണ് കേരളം. ഒഡിഷയ്ക്കും ബിഹാറിനും (8.7 ശതമാനം) തൊട്ടുതാഴെ.

15 മുതൽ 29വരെ പ്രായമുള്ള കേരളത്തിലെ യുവജനങ്ങളിൽ 18.6 ശതമാനം ആണു ങ്ങളും 35.6 ശതമാനം പെണ്ണുങ്ങളും തൊഴിലില്ലാത്തവരാണെന്ന് സർവേ പറയുന്നു. ആഴ്ചയിലെ തൊഴിലില്ലാ ദിനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ. തൊഴിലിന് ആവശ്യമുണ്ടായിട്ടും ആഴ്ചയിൽ ഒരുദിവസവും ഒരുമണിക്കൂർപോലും തൊഴിൽ ലഭിക്കാത്തവരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്. കേരളത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം മെച്ചപ്പെടുന്നതായി സർവേ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ-ഡിസംബറിൽ 19.9 ശതമാനമായിരുന്നത് 21.9 ശതമാനമായി ഉയർന്നു. കേരളത്തിലെ നഗരങ്ങളിൽ സ്ത്രീത്തൊഴിലാളികളിൽ 68.51 ശതമാനവും സേവനമേഖലയിലാണ്. കാർഷികവൃത്തിയിൽ 11.76 ശതമാനം പേരും കായികാധ്വാനം വേണ്ട തൊഴിൽമേഖലയിൽ 19.74 ശതമാനം പേരും ജോലിചെയ്യുന്നു.

Previous Post Next Post