കോട്ടയം :- കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമൂവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു
സംഭവത്തിൽ ഇവരെ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. നിലവിൽ വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നഴ്സിങ് പഠനത്തിന് ഇവർ അർഹരല്ലെന്നും തുടർ പഠനത്തിൽ നിന്നും വിലക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഴ്സിങ് കൗൺസിൽ ഗവൺമെന്റ് നഴ്സിങ് കോളേജ് അധികൃതർക്കും, സംസ്ഥാന ആരോഗ്യ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ഗവ. നഴ്സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ അതിക്രൂരമായ റാഗിങാണ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥിയുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം. നഗ്നരാക്കി നിർത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷനും ഒഴിച്ചെന്നും വിദ്യാർഥികൾ പരാതിയിലും പറഞ്ഞിരുന്നു.