മഹാരാഷ്ട്രയിലെ സോലാപൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസുകാരി മരിച്ചു. വിജയപുര - റായ്ച്ചൂർ പാസഞ്ചർ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. ആരോഹി അജിത് കാംഗ്രെ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കല്ലെറിഞ്ഞ സാമൂഹ്യ വിരുദ്ധർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.കുടുംബത്തോടൊപ്പം ഹൊസ്നാൽ താലൂക്കിലെ തൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആരോഹി. ഹോട്ഗി ഗ്രാമത്തിന് സമീപത്ത് വച്ചാണ് ഓടുന്ന ട്രെയിനിന് നേരെ അജ്ഞാതൻ കല്ലെറിഞ്ഞത്.
സംഭവത്തിൽ ആരോഹിക്ക് ഗുരുതരമായി പരിക്കേറ്റു, സോളാപൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ടിക്കേക്കർവാഡി സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിക്ക് നേരെ കല്ലേറുണ്ടായത്. സോളാപൂർ നഗരത്തിനടുത്തുള്ള ചെറിയ റെയിൽവേ സ്റ്റേഷനാണ് ടിക്കേക്കർവാഡി. കർണാടകയിൽ നിന്ന് വരുന്ന വിജയപുര - റായ്ച്ചൂർ പാസഞ്ചർ ട്രെയിൻ ടിക്കേക്കർവാഡി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.
പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കാനായി ജനലിനടുത്താണ് ആരോഹി ഇരുന്നത്. ആ സമയം പുറത്തു നിന്ന് ആരോ എറിഞ്ഞ കല്ല് കുട്ടിയുടെ തലയിൽ വന്നു കൊല്ലുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തിയായി കല്ല് കുട്ടിയുടെ തലയിൽ വന്നടിച്ചതാണ് മരണത്തിന് കാരണമായത്. കല്ലെറിഞ്ഞ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി ആദ്യ വാരത്തിൽ, മുംബൈ - സോളാപൂർ വന്ദേഭാരത് എക്സ്പ്രസിന് നേരെയും സോളാപൂരിൽ സമാനമായ കല്ലേറുണ്ടായിയിരുന്നു.