മട്ടന്നൂർ :- നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നൽകുന്ന സിവിൽ പോലീസ് ഓഫീസർ ശ്രദ്ധേയമാകുന്നു. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇരിക്കൂർ ഊരത്തൂർ സ്വദേശി പി രജീഷ് കുമാറാണ് മാതൃകയാകുന്നത്. ഒന്നര വർഷത്തിനുള്ളിൽ 62 സ്മാർട്ട് ഫോണുകളാണ് കണ്ടെത്തി ഉടമകൾക്ക് നൽകിയത്. രണ്ട് വർഷം മുമ്പാണ് രജീഷ് കുമാർ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ചുമതലയേറ്റത്. ഇതിനിടെയാണ് മൊബൈൽ ഫോണുകൾ കാണാതായതായും നഷ്ടപ്പെട്ടതായുമുള്ള പരാതികൾ ലഭിക്കുന്നത്. ഒന്നരവർഷം മുമ്പ് തന്നെ നഷ്ടപ്പെടുന്ന മൊബൈൽ ഫോണുകൾ കണ്ടെത്തുന്ന ചുമതല രജീഷ് കുമാറിന് കൈമാറുകയായിരുന്നു.
ഫോണുകൾ നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തുന്നവരെ കൊണ്ട് സി ഇ ഐ ആർ പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യിപ്പിക്കും. നഷ്ടപ്പെട്ട ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് ലോക്കേഷൻ എടുത്ത് ഫോണുകൾ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. സ്വിച്ച്ഓഫ് ചെയ്ത് ഫോണിൽ മറ്റൊരു സിം കാർഡിട്ടാൽ ഫോൺ എവിടെയാണുള്ളതെന്ന വിവരങ്ങൾ ലഭിക്കും. ബിഹാർ, ബംഗാൾ, പുണെ, രാജസ്ഥാൻ, അസാം, കർണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും ഫോണുകൾ കണ്ടെത്തിയത്. ഫോണുകളിൽ ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണാണെന്നും തിരിച്ച് ഏൽപ്പിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥൻ ഫോൺ ഉപയോഗിക്കുന്നയാളോട് പറയും. ഫോൺ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കേസാകുമെന്നും പറഞ്ഞു ഇതിൻ്റെ ഗൗരവം പറഞ്ഞു അവരെ മനസ്സിലാക്കും.
ഫോൺ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാനോ അല്ലെങ്കിൽ മട്ടന്നൂർ പോലീസ് സ്റ്റേഷനിലേക്ക് കൊറിയൽ അയക്കാനോ ആണ് പറയുക. കൊറിയർ അയച്ചാൽ അതിനുള്ള പണം പോലീസ് നൽകും. ഫോണുകൾ ലഭിച്ചവരും പോലീസുകാരും അടക്കം നിരവധി പേർ കൊറിയർ വഴി ഫോണുകൾ അയച്ചു കൊടുത്തിട്ടുണ്ട്. വിലപിടിപ്പിള്ള സ്‌മാർട്ട് ഫോണുകളാണ് നഷ്ടപ്പെട്ടവയിൽ അധികവും. ടൂർ പോകുമ്പോഴും മറ്റുമായാണ് ഫോണുകൾ നഷ്ടപ്പെടുന്നത്. കൂടുതലായും ഇതര സംസ്ഥാനക്കാരിൽ നിന്നാണ് ഫോണുകൾ കണ്ടെത്തിയത്. നഷ്ടപ്പെടുന്ന ഫോണുകൾ കണ്ടെത്താനുള്ള പരിശ്രമം ചെറുതല്ല. പരാതി ലഭിച്ച് രജിസ്റ്റർ ചെയ്താൽ ഫോണുകൾ കണ്ടെത്തുന്നത് വരെ ഇതിന് പിന്നാലെയായിരിക്കും.
രജീഷ് കുമാറിന് നൂറിലേറെ പരാതികളാണ് ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ചിട്ടുള്ളത്. ഇതിൽ ഒന്നര വർഷത്തിനുള്ളിൽ 62 ഫോണുകളാണ് കണ്ടെടുക്കാനായത്. ഇതുകൊണ്ടു തന്നെ ഫോണുകൾ നഷ്ടപ്പെട്ടാൽ ആർക്കും പേടി വേണ്ട. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ രജീഷ് കുമാർ കണ്ടെടുത്ത് തരും. ഇത്രയും ഫോണുകൾ കണ്ടെടുത്ത് നൽകിയതിനാൽ സിറ്റി പോലീസ് കമ്മീഷനറുടെ ഗുഡ് സർവീസ് എൻട്രിയും രജീഷ് കുമാറിനെ തേടിയെത്തിയിരുന്നു.