പുതിയ അധ്യയനവർഷത്തേക്കുള്ള സർക്കാർ ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചു


തിരുവനന്തപുരം :- പുതിയ അധ്യയനവർഷത്തേക്കുള്ള സർക്കാർ ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ  നടപടികൾ ആരംഭിച്ചു. അധ്യാപകരുടെ പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ തുറന്നു.

www.dhsetransfer.kerala.gov.in പോർട്ടലിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. പ്രിൻസിപ്പൽമാർ ഇത് പരിശോധിച്ച ശേഷം അധ്യാപകർ പ്രൊഫൈൽ 'കൺഫേം' ചെയ്യണം. ഒഴിവുകളും ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നത് പുതിയ സംവിധാനമാണ്. മേയ് 31 വരെ വിരമിക്കുന്നവരുടെ എണ്ണം കൂടി ഉൾപ്പെടുത്തിയാണ് ഒഴിവുകൾ കണക്കാക്കുന്നത്. 

പ്രൊഫൈൽ കൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരാതികളും പോർട്ടൽ വഴിയാണു സമർപ്പിക്കേണ്ടത്. നൽകിയ വിവരങ്ങളുടെ / പരാതികളുടെ സ്‌റ്റേറ്റസ് ഓരോ അധ്യാപകനും ലോഗിനിൽ ലഭ്യമാകും. സാങ്കേതിക പിന്തുണയ്ക്ക് കൈറ്റിന്റെ ഹെൽപ് ഡെസ്ക് നിലവിൽ വന്നു. അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പോർട്ടൽ ഉപയോഗിക്കാനുള്ള വിഡിയോകളും കൈറ്റ് തയാറാക്കിയിട്ടുണ്ട്. ജൂൺ 1ന് മുൻപു സ്‌ഥലം മാറ്റം പൂർത്തിയാക്കുകയാണു ലക്ഷ്യം.

Previous Post Next Post