ഇരിട്ടി:- പടക്കം പൊട്ടിക്കുന്നതിന് ഇടയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു.എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവിനാണ് (38) സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് നാലിന് ചേളത്തൂരിലെ വീട്ടിലാണ് സംഭവം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിന് ഇടയിലാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇയാളുടെ വലത് കൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയവർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും വീടിന് ഉള്ളിൽ ആയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് ഇരിട്ടി പോലീസ് സബ് ഇൻസ്പെക്ടർ കെ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.