കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവത്തിന്റെ ഭാഗമായി നാടുവലംവെപ്പ് ആരംഭിച്ചു


കണ്ണാടിപ്പറമ്പ് :- കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവചടങ്ങുകളും നാടുവലംവെപ്പും ഇന്ന് ഏപ്രിൽ 2 മുതൽ 10 വരെ നടക്കും. രാവിലെ പാളത്ത് കഴക പുരയിൽ നിന്നും പുതിയ ഭഗവതിയുടെ തിടമ്പും തിരുവായുധവും എഴുന്നള്ളിച്ചു. തുടർന്ന് പൂവിടൽ ചടങ്ങിനു ശേഷം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി അനുവാദം വാങ്ങി വയപ്രം, പുല്ലൂപ്പി ഭാഗത്തേക്ക് നാടഴുന്നള്ളത്ത് ആരംഭിച്ചു. ഇനി ഒൻപത് നാൾ പള്ളേരി, കോട്ടാഞ്ചേരി, മാതോടം,നൂഞ്ഞേരി , കായച്ചിറ, കിഴക്കേചേലേരി, വൈദര് കണ്ടി, വളവിൽ ചേലേരി, കാരയാപ്പ്, കയ്യങ്കോട്, മാലോട്ട് എന്നീ ദേശങ്ങളിൽ വീടുകളിലെത്തി ശ്രീഭഗവതി അനുഗ്രഹം ചൊരിയും. 

പൂരോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും നടതുറന്ന് രാവിലെ പൂവിടൽ ചടങ്ങ്, വൈകുന്നേരം പൂജയും, പൂവിന് വെള്ളം കൊടുക്കലും രാത്രി നാടെഴുന്നള്ളത്ത്, തിരിച്ചെത്തൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വൈഖരീ ഭജന സമിതി ഒഴക്രോം അവതരിപ്പിക്കുന്ന സൗന്ദര്യലഹരി പാരായണം, 6 മണിക്ക് ചുറ്റുവിളക്കും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 9 ന് നാടു വലംവെപ്പിന് ശേഷം പാളത്ത് കഴകപ്പുരയിൽ നിന്നും ശ്രീ കുറുമ്പ ഭഗവതിയുടെ തിടമ്പും തിരുവായുധവും ക്ഷേത്രത്തിലേക്കെഴുന്നള്ളിക്കും. ഏപ്രിൽ 10 ന് രാത്രി പൂരദിന ചടങ്ങുകൾക്ക് ശേഷം കഴകപ്പുരയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ പൂരോത്സവത്തിന് സമാപനമാവും.



Previous Post Next Post