പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം ; ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ പോലും കിട്ടാനില്ല, ബുദ്ധിമുട്ടിലായി രോഗികൾ


പരിയാരം :- കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ തുടങ്ങിയ പലതും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വരി നിന്ന് ഫാർമസി കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നു അറിയുന്നത്.

സർക്കാർ ഫാർമസിയിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറമേ നിന്നു മരുന്നു വാങ്ങാൻ വൻതുക ചെലവഴിക്കണം. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയാസമാണ്. അതിനാൽ സർക്കാർ ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകൊണ്ടു തൃപ്‌തിപ്പെടുകയാണെന്നു പല രോഗികൾ പറയുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ചമരുന്നിൻ്റെ നല്ലൊരു ശതമാനം പരിയാരം ഗവ. മെഡിക്കൽ കോളജിൽ ലഭിക്കാത്തതിനാലാണ് ഇപ്പോൾ മരുന്നു ക്ഷാമത്തിനു കാരണമായത്. പ്രതിവർഷം 15 കോടി രൂപയുടെ മരുന്നാണ് പരിയാരത്തേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 11 കോടി രൂപയുടെ മരുന്ന് മാത്രമാണ് ലഭിച്ചത്.

Previous Post Next Post